കേപ് ടൗണ്‍ : ദക്ഷിണാഫ്രിക്കന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും മാര്‍ക്ക് ബൗച്ചര്‍ പടിയിറങ്ങുന്നു. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ബൗച്ചര്‍ ചുമതല ഒഴിയുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടതിന് പിന്നാലെയാണ് മുന്‍ താരം കൂടിയായ ബൗച്ചറുടെ തീരുമാനം.
മറ്റ് പുതിയ അവസരങ്ങള്‍ക്കും ഭാവി കരിയറിനും വേണ്ടിയാണ് ബൗച്ചര്‍ പ്രോട്ടീസ് ടീം വിടുന്നതെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലന സ്ഥാനത്തേക്കെത്താനുള്ള ചര്‍ച്ചകള്‍ മാര്‍ക്ക് ബൗച്ചര്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019ല്‍ ഓട്ടിസ് ഗിബ്‌സണില്‍ നിന്ന് ചുമതലയേറ്റെടുത്ത ബൗച്ചര്‍ക്ക് നാല് വര്‍ഷത്തേക്കാണ് കരാറുള്ളത്. 2023ല്‍ ഇന്ത്യയില്‍ വച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം ചുമതലയില്‍ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബൗച്ചര്‍ക്ക് കീഴില്‍ 11 ടെസ്റ്റിലും 12 ഏകദിനങ്ങളിലും 23 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചിട്ടുണ്ട്.
Also read: 'ഇത് അനീതി, സഞ്‌ജു ചെയ്‌ത തെറ്റെന്ത് ?'; ചോദ്യവുമായി ഡാനിഷ് കനേരിയ
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദയനീയ പ്രകടനം നടത്തിയ സംഘം ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിന് മുമ്പ് ഇന്ത്യയ്‌ക്കെതിരായ ഉഭയകക്ഷി പരമ്പര മാത്രമാണ് ബൗച്ചറിന് മുന്നിലുള്ളത്. സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് പ്രോട്ടീസ് ഇന്ത്യയ്‌ക്കെതിരെ കളിക്കുക.