ജോഹന്നാസ്ബർഗ് : സഹതാരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ സംഘത്തിന്‍റെ ഭാഗമായിരുന്നതില്‍ ക്ഷമാപണവുമായി ദക്ഷിണാഫ്രിക്കയുടെ മുൻ വിക്കറ്റ് കീപ്പറും നിലവിലെ മുഖ്യ പരിശീലകനുമായ മാർക്ക് ബൗച്ചർ.
അധിക്ഷേപ രീതിയില്‍ ഇരട്ടപ്പേരുകള്‍ വിളിച്ചും പാട്ടുകൾ പാടിയും ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹ താരങ്ങള്‍ വംശീയാധിക്ഷേപം നടത്തിയെന്ന പോൾ ആഡംസ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് മാപ്പുപറഞ്ഞ് ബൗച്ചര്‍ രംഗത്തെത്തിയത്.
ഇതുസംബന്ധിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ സോഷ്യല്‍ ജസ്റ്റിസ് അന്‍റ് നാഷന്‍ ബില്‍ഡിങ്(എസ്‌ജെഎന്‍) കമ്മിറ്റിക്ക് ബൗച്ചര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. 14 പേജ് ദൈർഘ്യമുള്ള സത്യവാങ്മൂലമാണ് ബൗച്ചര്‍ എസ്‌ജെഎന്നിന് നല്‍കിയത്.
ആഡംസിന്‍റെ ആരോപണങ്ങള്‍ തള്ളിയ ബൗച്ചർ, താരത്തെ താൻ മോശം പേരുവിളിച്ച് അവഹേളിച്ചിട്ടില്ലെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു സംഘത്തിൽ താൻ അംഗമായിരുന്നുവെന്നും വിശദീകരിച്ചു.
അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും കുറ്റകരമായ പെരുമാറ്റത്തില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഇപ്പോൾ കൂടുതൽ മികച്ച രീതിയിൽ ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും ബൗച്ചർ പറഞ്ഞു.