കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാൾ കായിക മന്ത്രിയുമായ മനോജ് തിവാരി രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ ഇടം പിടിച്ചു. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് 36 കാരനായ താരം വീണ്ടും രഞ്ജി ടീമിൽ ഇടം നേടുന്നത്. അഭിമന്യു ഈശ്വരൻ നയിക്കുന്ന 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡിനെ തുടർന്ന് നിരവധി രഞ്ജി താരങ്ങൾ ക്വാറന്‍റൈനിലായിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായ പരിശീലനം അടക്കം ഇല്ലാതെയാണ് ബംഗാൾ രഞ്ജി ട്രോഫിക്ക് എത്തുന്നത്. തൃണമൂൽ കോൺഗ്രസ് പാർട്ടിയിലൂടെയുള്ള രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ മനോജ് തിവാരി ശിബ്പ്പൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.
ബിജെപിയുടെ രഥിൻ ചക്രബർത്തിയെയാണ് താരം പരാജയപ്പെടുത്തിയത്. 2020ലാണ് താരം അവസാനമായി രഞ്ജി ട്രോഫിയിൽ പങ്കെടുക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 17 വർഷം പൂർത്തിയാക്കിയ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ കൂടിയാണ്. 27 സെഞ്ചുറി ഉൾപ്പെടെ 8965 ഫസ്റ്റ് ക്ലാസ് റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ടി20കളും മനോജ് തിവാരി കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 98 മത്സരങ്ങളിൽ നിന്ന് 1695 റണ്‍സും താരം നേടിയിട്ടുണ്ട്.
ALSO READ: Glenn Maxwell | മെൽബണ്‍ സ്റ്റാര്‍സിനെ വിഴുങ്ങി കൊവിഡ് ; ഗ്ലെൻ മാക്‌സ്‌വെല്ലിനും രോഗം
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്‍റെ സ്ഥാനം. വിദർഭ, രാജസ്ഥാൻ, കേരളം, ഹരിയാന, ത്രിപുര എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. അതേസമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നീട്ടിവെയ്‌ക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.