ന്യൂഡൽഹി : മെയ് 23 മുതൽ പുനെയിൽ ആരംഭിക്കുന്ന വനിത ടി-20 ചലഞ്ചിനുള്ള മൂന്ന് ടീമുകളുടെ 16 അംഗ ടീമിനെയും ക്യാപ്റ്റൻമാരെയും പ്രഖ്യാപിച്ച് ബിസിസിഐ . ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ദീപ്‌തി ശർമ എന്നിവരെയാണ് ക്യാപ്റ്റൻമാരായി തെരഞ്ഞെടുത്തത്. സൂപ്പർനോവാസിനെ ഹർമൻപ്രീതും വെലോസിറ്റിയെ ദീപ്‌തി ശർമയും നയിക്കുമ്പോൾ 2020 ൽ നടന്ന ആദ്യ പതിപ്പിൽ ജേതാക്കളായ ട്രെയിൽബ്ലേസേഴ്‌സിനെ സൂപ്പർതാരം സ്‌മൃതി മന്ദാനയും നയിക്കും.
മുൻ പതിപ്പിൽ കളിച്ചിരുന്ന ഇന്ത്യൻ വെറ്ററൻ ക്രിക്കറ്റ് താരങ്ങളായ മിതാലി രാജ്, ജുലൻ ഗോസ്വാമി, ശിഖ പാണ്ഡെ എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കൻ സ്റ്റാർ ഓപ്പണർ ലോറ വോൾവാർഡ്, ലോക ഒന്നാം നമ്പർ ബൗളർ സോഫി എക്ലെസ്റ്റോൺ എന്നിവരുൾപ്പടെ 12 വിദേശ കളിക്കാരാണ് ടൂർണമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തായ്‌ലൻഡ് താരം നത്തകൻ ചന്തമിന്‍റെ രണ്ടാം തവണയാണ് ടൂർണമെന്‍റിന്‍റെ ഭാഗമാകുന്നത്.
ചാമ്പ്യൻഷിപ്പിലെ ഒരേയൊരു ഓസ്‌ട്രേലിയൻ സാന്നിധ്യം ലെഗ് സ്പിന്നർ അലാന കിങ്ങാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളിൽ സോഫി എക്ലെസ്റ്റോൺ, സോഫിയ ഡങ്ക്‌ലി, കേറ്റ് ക്രോസ് എന്നിവരും ഉൾപ്പെടുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളായ സൽമ ഖാത്തൂൺ, ഷർമിൻ അക്തർ വിൻഡീസ് താരങ്ങളായ ഡിയാന്ദ്ര ഡോട്ടിനും ഹെയ്‌ലി മാത്യൂസും എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സുനെ ലൂസും വോൾവാർഡും യഥാക്രമം സൂപ്പർനോവാസിനെയും വെലോസിറ്റിയെയും പ്രതിനിധീകരിക്കും. അടുത്തിടെ നടന്ന സീനിയർ വനിത ടി-20 ട്രോഫിയിലെ മുൻനിര റൺ വേട്ടക്കാരൻ കെ പി നവ്‌ഗിരെയും മുൻനിര വിക്കറ്റ് വേട്ടക്കാരി ആരതി കേദാറും വെലോസിറ്റിക്ക് വേണ്ടി കളിക്കും. അടുത്ത വർഷം മുതൽ ബിസിസിഐ ഒരു സമ്പൂർണ വനിത ഐപിഎൽ ആസൂത്രണം ചെയ്യുന്നതിനാൽ ഇത് വനിത ടി-20 ചലഞ്ചിന്‍റെ അവസാന പതിപ്പായിരിക്കും.
സൂപ്പർനോവാസ് : ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), തനിയ ഭാട്ടിയ, അലാന കിംഗ്, ആയുഷ് സോണി, ചന്ദു വി, ദീന്ദ്ര ഡോട്ടിൻ, ഹർലീൻ ഡിയോൾ, മേഘ്‌ന സിംഗ്, മോണിക്ക പട്ടേൽ, മുസ്‌കൻ മാലിക്, പൂജ വസ്‌ത്രാകർ, പ്രിയ പുനിയ, റാഷി കനോജിയ, സോഫി എക്ലെസ്റ്റോൺ, സുനെ ലൂസ്, മാൻസി ജോഷി.
ട്രെയിൽബ്ലേസേഴ്‌സ് : സ്‌മൃതി മന്ദാന (ക്യാപ്റ്റൻ), പൂനം യാദവ്, അരുന്ധതി റെഡ്ഡി, ഹെയ്‌ലി മാത്യൂസ്, ജെമീമ റോഡ്രിഗസ്, പ്രിയങ്ക പ്രിയദർശിനി, രാജേശ്വരി ഗെയ്‌ക്‌വാദ് രേണുക സിംഗ്, റിച്ച ഘോഷ്, സൈഖ ഇഷാഖ്, എസ്. മേഘന, സൈഖ ഇഷാഖ്, എസ്. ബ്രൗൺ, സുജാത മല്ലിക്, എസ്.ബി.പോഖാർക്കർ.
വെലോസിറ്റി : ദീപ്‌തി ശർമ (ക്യാപ്റ്റൻ), സ്‌നേഹ് റാണ, ഷഫാലി വർമ, അയബോംഗ ഖാക്ക, കെ.പി. നവഗിരെ, കാത്രിൻ ക്രോസ്, കീർത്തി ജെയിംസ്, ലോറ വോൾവാർഡ്, മായ സോനവാനെ, നത്തകൻ ചന്തം, രാധ യാദവ്, ആരതി കേദാർ, ശിവാലി ഷിൻഡെ, സിമ്രാൻ ബഹാദൂർ, യാസ്‌തിക ഭാട്ടിയ, പ്രണവി ചന്ദ്ര.