മുംബൈ: ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തിന് പിന്നാലെ വിവാദച്ചുഴിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. മത്സരത്തില്‍ പുറത്തായ ശേഷം സ്റ്റംപ് അടിച്ച് തകര്‍ത്ത ഹര്‍മന്‍പ്രീത് കൗര്‍ മത്സര ശേഷം സംസാരിക്കവെ അമ്പയര്‍മാര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. പിന്നീട് നടന്ന സമ്മാനദാന ചടങ്ങിനിടയില്‍ ബംഗ്ലാദേശ് താരങ്ങളെ അപഹസിക്കുന്ന തരത്തിലേക്കും ഹര്‍മന്‍പ്രീത് കടന്നു.
ഹര്‍മന്‍റെ ഈ പെരുമാറ്റത്തിന് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മദന്‍ ലാല്‍. ഹര്‍മന്‍പ്രീത് കൗര്‍ തന്‍റെ പെരുമാറ്റത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് മോശം പേരുണ്ടാക്കി എന്നാണ് 1983-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ പുരുഷ ടീമില്‍ അംഗമായിരുന്ന മദന്‍ ലാല്‍ പറയുന്നത്. ക്രിക്കറ്റിന് മുകളിലല്ല ഹര്‍മന്‍പ്രീത് കൗറെന്നും താരത്തിനെതിരെ ബിസിസിഐ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
'ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീമിനെതിരായ ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം ഏറെ പരിതാപകരമായിരുന്നു. ക്രിക്കറ്റിന്‍റെ മുകളിലല്ല ഹര്‍മന്‍റെ സ്ഥാനം. ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ക്രിക്കറ്റിന് മോശം പേരാണ് ഉണ്ടാക്കിയിരിക്കുന്നത്. താരത്തിനെതിരെ അതിശക്തമായ അച്ചടക്ക നടപടി ബിസിസിഐ സ്വീകരിക്കേണ്ടതുണ്ട്' - മദന്‍ ലാല്‍ ട്വീറ്റ് ചെയ്‌തു.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന അഞ്ജും ചോപ്രയും നേരത്തെ ഹര്‍മന്‍പ്രീത് കൗറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന സമയത്ത് കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു അഞ്ജും ചോപ്രയുടെ വാക്കുകള്‍. ദേഷ്യമൊക്കെ അവസാനിച്ച് മനസ് ശാന്തമാവുന്ന സമയത്ത് താരം ഇക്കാര്യം ആലോചിക്കും. ഇത്തരം സാഹചര്യങ്ങള്‍ കുറച്ച് മെച്ചപ്പെട്ട രീതിയില്‍ ഹര്‍മന് കൈകാര്യം ചെയ്യാമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.
"അനിഷ്‌ടം പ്രകടിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അത് എങ്ങനെ, എപ്പോൾ ചെയ്യുന്നു എന്നത് ഏറെ പ്രധാനമാണ്. തന്‍റെ വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലും ഹര്‍മന്‍പ്രീത് കൗര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌നിക്കോമീറ്ററോ ബോൾ ട്രാക്കിങ്ങോ ഇല്ലാത്ത മത്സരങ്ങളില്‍ തീരുമാനമെടുക്കുകയെന്നത് അമ്പയര്‍മാരെ സംബന്ധിച്ച് ഒരല്‍പ്പം ബുദ്ധിമുട്ട് തന്നെയാണ്.
ചില തീരുമാനങ്ങൾ പക്ഷപാതപരമെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍, അതിനെ ഇതിലും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ലേ. എന്തുകൊണ്ടാണ് മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ ഹര്‍മന്‍പ്രീത് തന്‍റെ അതൃപ്തി പ്രകടിപ്പിക്കുന്നത്? എനിക്ക് തോന്നുന്നത് ഇക്കാര്യങ്ങള്‍ ഇതിലും മികച്ച രീതിയില്‍ തന്നെ അവര്‍ക്ക് കൈകാര്യം ചെയ്യാമായിരുന്നു എന്ന് തന്നെയാണ്" - അഞ്ജും ചോപ്ര വ്യക്തമാക്കി.
അതേസമയം മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ നഹിദ അക്തറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത് വിശ്വസിക്കാനാവാതെയാണ് ഹര്‍മന്‍ സ്റ്റംപ് അടിച്ചുതെറിപ്പിച്ചത്. പന്ത് പാഡില്‍ തട്ടും മുമ്പ് ബാറ്റില്‍ കൊണ്ടുവെന്ന വിശ്വാസമായിരുന്നു ഹര്‍മനെ ഇതിന് പ്രേരിപ്പിച്ചത്. ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കുന്ന സമയത്ത് അമ്പയറോട് ഹര്‍മന്‍പ്രീത് തര്‍ക്കിക്കുകയും ചെയ്‌തിരുന്നു.
സമനിലയില്‍ അവസാനിച്ച മത്സരത്തിന് ശേഷം അമ്പയറിങ് നിലവാരം തീര്‍ത്തും അതിശയിപ്പിച്ചുവെന്നായിരുന്നു താരം പറഞ്ഞത്. മൂന്നാം മത്സരം സമനിലയില്‍ അവസാനിച്ചതോടെ മൂന്ന് മത്സര പരമ്പരയും സമനിലയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനായി ബംഗ്ലാദേശ് ടീമിനൊപ്പം നില്‍ക്കാന്‍ അമ്പയര്‍മാരെ കൂടെ വിളിക്കൂവെന്നും ഹര്‍മന്‍ വിളിച്ച് പറഞ്ഞിരുന്നു.