നിയോൺ: ഫെഡറേഷൻ ഓഫ് ഇന്‍റർനാഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റായി മുന്‍ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റന്‍ ലിസ സ്‌തലേക്കർ. പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനകളുടെ രാജ്യാന്തര വേദിയായ ഫിക്ക (FICA) യുടെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ലിസ. സ്വിറ്റ്‌സർലന്‍ഡിലെ നിയോണില്‍ നടന്ന ഫിക്ക എക്‌സിക്യുട്ടീവ് യോഗത്തിലാണ് ലിസയെ സംഘടനയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.
ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്. ക്രിക്കറ്റ് ഒരു ആഗോള കായിക മത്സരമായി ഉയർന്ന് വരുമ്പോൾ ഐസിസി അംഗരാജ്യങ്ങളുടെ അസോസിയേഷനുകൾക്കും കളിക്കാർക്കും വേണ്ടി പ്രവർത്തിക്കും. പ്രത്യേകിച്ചും എല്ലാ കളിക്കാർക്കും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഐസിസിയുമായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും ലിസ വ്യക്തമാക്കി.
മുന്‍താരവും കമന്‍റേറ്ററും എന്ന നിലയില്‍ ഫിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റവും ഉചിതയായ ആളാണ് ലിസയെന്ന് ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ചെയർമാന്‍ ഹീത്ത് മില്‍സ് പ്രതികരിച്ചു. ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷനിലും ഒപ്പം താരങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതിലും മുൻപന്തിയില്‍ ഉണ്ടായിരുന്ന ആളായിരുന്നു ലിസ.
ദക്ഷിണാഫ്രിക്കന്‍ മുന്‍ ബാറ്റർ ബാരി റിച്ചാർഡ്‌സ്, വിന്‍ഡീസ് മുന്‍ ഓള്‍റൗണ്ടർ ജിമ്മി ആഡംസ്, ഇംഗ്ലീഷ് മുന്‍ ബാറ്റർ വിക്രം സോളങ്കി തുടങ്ങിയവരാണ് മുമ്പ് ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചിരുന്നത്.
42-കാരിയായ ലിസ സ്‌തലേക്കർ ഇന്ത്യൻ വംശജയാണ്. 2001-ൽ ഓസ്‌ട്രേലിയൻ സീനിയർ ടീമിൽ അരങ്ങേറിയ ലിസ 187 രാജ്യാന്തര മത്സരങ്ങളില്‍ ടീമിനായി കളത്തില്‍ ഇറങ്ങി. ഏകദിനത്തില്‍ 125 മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറിയും, 16 അർധ സെഞ്ച്വറികളുമായി 2728 റണ്‍സും 146 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ 10-ല്‍ ലിസ ഇപ്പോഴും തുടരുന്നു.
54 രാജ്യാന്തര ടി20യില്‍ 769 റണ്‍സും 60 വിക്കറ്റും സ്വന്തമാക്കിയ താരം 2010 ടി20 ലോകകപ്പ് കിരീടം നേടിയപ്പോൾ നിർണായക പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ചു. എട്ട് ടെസ്റ്റില്‍ 416 റണ്‍സും 23 വിക്കറ്റും നേടിയിട്ടുണ്ട്.
2007ലും, 2008ലും മികച്ച ഓസീസ് വനിതാ ക്രിക്കറ്റർക്കുള്ള ബെലിന്ദ ക്ലാർക്ക് പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2013-ലായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കം. ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച നാലാമത്തെ മാത്രം വനിതാ താരമാണ് ലിസ.