ന്യൂഡല്‍ഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം പതിപ്പ് ഇന്ത്യയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒമാനില്‍ നടന്ന ആദ്യ പതിപ്പിന് ഇന്ത്യയില്‍ നിന്നും ലഭിച്ച ആരാധക പിന്തുണയെ തുടര്‍ന്നാണ് ലീഗ് ഇന്ത്യയിലേക്ക് മാറ്റുന്നത്. നാല് ടീമുകളിലായി ഒമ്പതിലധികം രാജ്യങ്ങളിൽ നിന്ന് 110 മുന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റര്‍മാര്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
2022 സെപ്‌റ്റംബര്‍ 20നാണ് പുതിയ സീസണ്‍ ആരംഭിക്കുക. ടൂര്‍ണമെന്‍റ് ഇന്ത്യയിൽ നടത്താൻ ആരാധകരിൽ നിന്ന് നിരന്തരം അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ സഹസ്ഥാപകനും സിഇഒയുമായ രമണ്‍ റഹേജ പറഞ്ഞു. 'ആദ്യ സീസണിന് ഇന്ത്യയിൽ നിന്നാണ് കൂടുതല്‍ വ്യൂവര്‍ഷിപ്പ് ഉണ്ടായിരുന്നത്.
പാകിസ്ഥാനും ശ്രീലങ്കയുമാണ് പിന്നിലുണ്ടായിരുന്ന രാജ്യങ്ങള്‍. രണ്ടാം സീസൺ നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ ആവേശത്തിലാണ്. മത്സരം നേരിട്ട് കാണുന്നതിന്‍റെ ആവേശം താരതമ്യപ്പെടുത്താനാവില്ല. വേദിയടക്കമുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹർഭജൻ സിങ്, ഇയാൻ മോർഗൻ, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ജാക്ക് കാലിസ്, ഇർഫാൻ പഠാൻ തുടങ്ങി നിരവധി താരങ്ങൾ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമാകും. അതേസമയം 2022 ജനുവരിയിൽ നടന്ന ആദ്യ സീസണിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരങ്ങളെ മൂന്ന് ടീമുകളായി തിരിച്ചാണ് മത്സരം നടത്തിയത്.
ഇന്ത്യൻ താരങ്ങൾ മാത്രം ഉൾപ്പെട്ട ഇന്ത്യ മഹാരാജാസ്, ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളിലെ താരങ്ങളെ ഉൾപ്പെടുത്തിയ ഏഷ്യൻ ലയൺസ്, മറ്റു രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരന്ന വേൾഡ് ജയന്‍റ്‌സ് എന്നിവയായിരുന്നു ടീമുകൾ.