ധാക്ക: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടു മുമ്പാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മെഡിക്കൽ സംഘത്തിന്‍റെ നിർദേശപ്രകാരം താരം മൈതാനം വിട്ടിരുന്നു.
വിദഗ്‌ധ പരിശോധനകൾക്കും ശരിയായ രോഗനിര്‍ണയത്തിനുമാണ് മെന്‍ഡിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡോക്ടർ മൻസൂർ ഹുസൈൻ ചൗധരി പ്രതികരിച്ചു.
ആശുപത്രിയില്‍ നടത്തിയ ഇസിജി പരിശോധനയിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ശ്രീലങ്കൻ കോച്ച് ക്രിസ് സിൽവർവുഡ് പ്രതികരിച്ചു. മെൻഡിസ് നിരീക്ഷണത്തിൽ തുടരുകയാണെന്നും ലങ്കയുടെ അടുത്ത മത്സരങ്ങളില്‍ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സിൽവർവുഡ് വ്യക്തമാക്കി.