ഏകദിന ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്നത്. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് വിന്‍ഡീസിനെതിരായ ഓരോ പരീക്ഷണങ്ങളും. പരമ്പരാഗതമായി സ്‌പിന്നര്‍മാര്‍ക്ക് പിന്തുണയുള്ളതാണ് ഇന്ത്യയിലെ ഭൂരിഭാഗം പിച്ചുകളും. ഇതോടെ ടീമില്‍ സ്‌പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാവുമെന്നുറപ്പാണ്.
2019 ഏകദിന ലോകകപ്പ് വരെ ഇന്ത്യയുടെ വിജയ സ്‌പിന്‍ കോമ്പിനേഷനായിരുന്നു കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ സഖ്യം. ഒന്നിച്ചുള്ള മിന്നും പ്രകടനത്തോടെ ഇന്ത്യയെ നിരവധി തവണയാണ് 'കുല്‍ച' സഖ്യം വിജയങ്ങളിലേക്ക് നയിച്ചത്. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്ക് ശേഷം രണ്ട് റിസ്റ്റ് സ്പിന്നർമാരെ ഒരേ സമയം കളിപ്പിക്കുന്ന തങ്ങളുടെ ശൈലിയില്‍ നിന്നും മാനേജ്‌മെന്‍റ് വ്യതിചലിച്ചിരുന്നു.
രവീന്ദ്ര ജഡേജയുടെ ഉയര്‍ച്ചയും ഇതിന് കാരണമായി. ഏറെ നാളായി മോശം ഫോം അലട്ടിയ കുല്‍ദീപ് യാദവ് പദ്ധതികള്‍ക്ക് പുറത്തായതോടെ ചാഹലായിരുന്നു ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലെ സ്ഥിരക്കാരന്‍. എന്നാല്‍ തന്‍റെ മിന്നും പ്രകടനത്തോടെ വമ്പന്‍ തിരിച്ചുവരവാണ് നിലവില്‍ കുല്‍ദീപ് നടത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റ് കളിച്ച താരം ഒമ്പത് വിക്കറ്റുകളുമായി തിളങ്ങി മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ശ്രീലങ്കയ്‌ക്ക് എതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റുകളും ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ ആറ് വിക്കറ്റുകളുമായും കുല്‍ദീപ് തിങ്ങി. പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ 6.10 ഇക്കോണമി റേറ്റിൽ നാല് വിക്കറ്റുകളും കുല്‍ദീപ് വീഴ്ത്തി. ആദ്യ രണ്ട് പരമ്പരയില്‍ കുറഞ്ഞ അവസരം ലഭിച്ച ചാഹല്‍ ഓസീസിനെതിരായ ഒരൊറ്റ മത്സരത്തിലും കളിച്ചില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പയ്‌ക്കുള്ള സ്‌ക്വാഡില്‍ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെയാണ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നടക്കാനിരിക്കുന്ന എകദിന ലോകകപ്പില്‍ ഇരുവരില്‍ ഒരാള്‍ക്ക് മാത്രമേ ടീമില്‍ സ്ഥാനമൊള്ളൂവെന്ന് ഉറപ്പാണ്. കാരണം ഹാര്‍ദിക് പാണ്ഡ്യ മൂന്നാം പേസറാവുകയാണെങ്കില്‍ രണ്ട് വീതം സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും സ്‌പിന്നര്‍മാരുമായാവും ഇന്ത്യ മിക്കവാറും കളിക്കാന്‍ ഇറങ്ങുക.
ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഒരു സ്‌പിന്നറായി രവീന്ദ്ര ജഡേജയ്‌ക്ക് ടീമില്‍ സ്ഥാനമുറപ്പാണ്. മറ്റൊരു സ്ഥാനത്തിനായി നിലവില്‍ കുൽദീപും ചാഹലും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇനി മൂന്ന് സ്‌പിന്നര്‍മാരുമായി ഇന്ത്യ കളിക്കാന്‍ തീരുമാനിച്ചാലും 'കുല്‍ച' സഖ്യം പ്ലേയിങ് ഇലവനിലുണ്ടാവില്ല. കാരണം ഓള്‍ റൗണ്ടിങ് മികവ് പരിഗണിച്ച് അക്‌സര്‍ പട്ടേലിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.
ഇനി 'കുല്‍ജ' സഖ്യം ?: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ സ്‌പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമായിരുന്നു പ്ലേയിങ് ഇലവനിലെത്തിയത്. തെരഞ്ഞെടുപ്പ് ശരിവയ്‌ക്കുന്ന പ്രകടനമായിരുന്നു ഇരു താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്. കുല്‍ദീപിന്‍റെ കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ ശരിക്കും വെള്ളം കുടിച്ചു.
മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ചൈനമെന്‍ സ്‌പിന്നര്‍ക്ക് കഴിഞ്ഞു. രണ്ട് മെയ്‌ഡന്‍ അടക്കമായിരുന്നു താരത്തിന്‍റെ പ്രകടനം. മറുവശത്ത് ആറ് ഓവറില്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റുകളുമായാണ് ജഡേജ തിളങ്ങിയത്.
ഇതോടെ ഒരു ഏകദിന മത്സരത്തില്‍ ഏഴോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർമാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മാറുകയും ചെയ്‌തു. ചാഹലിനെ പുറത്തിരുത്തിയുള്ള പരീക്ഷണം വരും മത്സരങ്ങളിലും വിജയകരമായാല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി 'കുല്‍ജ' സഖ്യം തന്നെ കളത്തിലിറങ്ങുമെന്ന് ഉറപ്പ്.