മുംബൈ : ഏകദിന ലോകകപ്പ് (ODI World cup) കൂടി അടുത്തിരിക്കെ ഇന്ത്യയുടെ ഏഷ്യ കപ്പ് (Asia Cup) സ്‌ക്വാഡ് പ്രഖ്യാപനത്തിന് വലിയ പ്രധാന്യമാണുള്ളത്. ഏഷ്യ കപ്പിനായി രോഹിത് ശര്‍മ (Rohit Sharma) നേതൃത്വം നല്‍കുന്ന 17 അംഗ ടീമിനെ അടുത്തിടെ ബിസിസിഐ (BCCI) പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ (Suryakumar Yadav) ഉള്‍പ്പെടുത്തിയപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള മലയാളി താരം സഞ്‌ജു സാംസണെ (Sanju Samson) ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ടി20 ഫോര്‍മാറ്റിലെ വമ്പനാണെങ്കിലും ലഭിച്ച ഏകദിനത്തില്‍ അവസരങ്ങളിലൊന്നിലും സൂര്യകുമാര്‍ യാദവിന് തിളങ്ങാന്‍ സാധിക്കാത്തതായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഫോര്‍മാറ്റില്‍ ഇതേവരെ കളിച്ച 24 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 24.3 ശരാശരിയില്‍ 511 റൺസ് മാത്രമാണ് സൂര്യകുമാര്‍ യാദവിന്‍റെ സമ്പാദ്യം. എന്നാല്‍ ഈ കണക്കുകളെയെല്ലാം തള്ളിക്കളഞ്ഞ് തന്‍റെ ഏകദിന ലോക കപ്പ് സ്‌ക്വാഡില്‍ സൂര്യയ്‌ക്ക് ഇടം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത് (Krishnamachari Srikkanth's India Squad).
നിലവില്‍ പ്രഖ്യാപിച്ച ഏഷ്യ കപ്പ് സ്‌ക്വാഡില്‍ നിന്ന് 15 താരങ്ങളെയാണ് ശ്രീകാന്ത് തന്‍റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. സൂര്യയെ നിലനിര്‍ത്താനായി 42 ഏകദിനങ്ങളിൽ നിന്ന് 46.60 ശരാശരിയുള്ള ശ്രേയസ് അയ്യരെയാണ് (Shreyas Iyer) ശ്രീകാന്ത് ഒഴിവാക്കിയതെന്നത് ഏറെ കൗതുകകരമായ കാര്യമാണ്. മധ്യനിരയില്‍ പ്രധാനിയായ ശ്രേയസ് അയ്യരെ കയ്യൊഴിഞ്ഞ് ടീമിലേക്ക് വെറ്ററന്‍ സ്‌പിന്നല്‍ യുസ്‌വേന്ദ്ര ചാഹലിനെ (Yuzvendra Chahal) അദ്ദേഹം തിരികെ വിളിച്ചു എന്നത് മറ്റൊരു പ്രത്യേകതയുമാണ്.
എന്തുകൊണ്ടാണ് ശ്രേയസിനെ ഒഴിവാക്കിയത് എന്നതിന് ശ്രീകാന്ത് പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ല. ശ്രേയസിനൊപ്പം പ്രസിദ്ധ് കൃഷ്‌ണ, തിലക് വര്‍മ എന്നിവര്‍ക്കും ശ്രീകാന്തിന്‍റെ സ്‌ക്വാഡില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയ അദ്ദേഹം മലയാളി താരം സഞ്‌ജു സാംസണെ തന്‍റെ ടീമിലേക്ക് പരിഗണിച്ചില്ല. 2011-ൽ ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിക്ക് ശ്രീകാന്ത് ആയിരുന്നു നേതൃത്വം നല്‍കിയത്.
ശ്രീകാന്തിന്‍റെ ഏകദിന ലോക കപ്പ് സ്‌ക്വാഡ് (Krishnamachari Srikkanth World Cup 2023 India Squad ) : രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, സൂര്യകുമാർ യാദവ്, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂര്‍.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി,സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).