ന്യൂഡൽഹി: ദിനേശ് കാർത്തിക് മികച്ച ഫിനിഷറാണെങ്കിലും ഇന്ത്യൻ ടീമിന് അനുയോജ്യനായ ഫിനിഷർ സൂര്യകുമാർ യാദവ് ആണെന്ന് മുൻ ഇന്ത്യൻ നായകൻ കൃഷ്‌ണമാചാരി ശ്രീകാന്ത്. അവസാന 5 ഓവർ മാത്രം ബാറ്റ് ചെയ്യുന്ന ഒരാളെ ഫിനിഷറെന്ന് പറയാൻ സാധിക്കില്ല. എട്ടാം ഓവർ മുതൽ 20-ാം ഓവർ വരെ ടീമിനെ മുന്നോട്ട് നയിക്കുന്ന താരത്തെയാണ് യഥാർഥ ഫിനിഷറെന്ന് വിളിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.
ഒരു ഫിനിഷർ എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്‍റെ കാഴ്‌ചപ്പാടിൽ എട്ടാമത്തെയോ 12-ാമത്തെയോ ഓവർ മുതൽ 20-ാം ഓവർ വരെ ബാറ്റിങ് നടത്തി ടീമിനെ വിജയിപ്പിക്കാൻ കഴിയുന്ന ആളാണ് ഫിനിഷർ. രോഹിത് ശർമ്മ ഒരു മികച്ച ഫിനിഷറാണ്. പക്ഷേ അയാൾ ഓപ്പണറായി ബാറ്റ് ചെയ്യുന്നു.
ദിനേശ് കാർത്തിക്ക് മികച്ച താരമാണ്. അവൻ തീർച്ചയായും എന്‍റെ ടീമിലും ഇടം കണ്ടെത്തും. ഞാൻ ദിനേശ് കാർത്തിക്കിനെ മികച്ച ഫിനിഷർ എന്ന് വിളിക്കും, എന്നാൽ യഥാർഥ ഫിനിഷർമാർ സൂര്യകുമാർ യാദവിനെപ്പോലെയുള്ളവരാണ്. ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങളും മികച്ച ഫിനിഷർമാരാണ്. ശ്രീകാന്ത് കൂട്ടിച്ചേർത്തു.