മുംബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിക്ക് ഡിആര്‍എസ് (Decision Review System) തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയുന്ന കാര്യമാണ്. വിക്കറ്റിന് പിന്നില്‍ നിന്നും പല പ്രാവശ്യം അമ്പയറുടെ തീരുമാനങ്ങള്‍ ഡിആര്‍എസിലൂടെ ചോദ്യം ചെയ്‌ത് ആ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ധോണിയെന്ന വിക്കറ്റ് കീപ്പറിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതേ പാതയിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെയും യാത്ര.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ കെഎല്‍ രാഹുലിന്‍റെ ഡിഎര്‍എസ് എടുക്കുന്നതിലെ മികവ് കണ്ടത്. മത്സരത്തിന്‍റെ 12-ാം ഓവറിലെ രണ്ടാം പന്ത്. മുഹമ്മദ് ഷമിയെ നേരിട്ടത് ലങ്കയുടെ ദുഷ്‌മന്ത ചമീരയാണ്.
ചമീരയ്‌ക്കെതിരെ ലെഗ് സ്റ്റമ്പിലേക്ക് ഒരു ഷോര്‍ട് ബോളായിരുന്നു ഷമിയെറിഞ്ഞത്. ഈ പന്ത് ലെഗ് സൈഡിലേക്ക് ഡൈവ് ചെയ്‌ത് കെഎല്‍ രാഹുല്‍ തന്‍റെ കൈപ്പിടിയിലൊതുക്കി. പിന്നാലെ, വിക്കറ്റിനായും താരം അപ്പീല്‍ നല്‍കി. എന്നാല്‍, രാഹുലിനൊപ്പം വിക്കറ്റിനായി കാര്യമായി അപ്പീല്‍ നടത്താന്‍ മറ്റ് ഇന്ത്യന്‍ താരങ്ങളൊന്നും തയ്യാറായിരുന്നില്ല. അമ്പയറാകട്ടെ ഈ പന്ത് വൈഡ് വിധിച്ചതോടെ മുഹമ്മദ് ഷമി അടുത്ത പന്തെറിയാനുള്ള തയ്യാറെടുപ്പുകള്‍ക്കായും തിരികെ നടന്നു.
ഇതിനിടെയാണ് രാഹുല്‍ നായകന്‍ രോഹിത് ശര്‍മയോട് ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. ആദ്യം വലിയ തത്പര്യം കാണിച്ചില്ലെങ്കിലും രാഹുലിന്‍റെ കോണ്‍ഫിഡന്‍സ് കണ്ട രോഹിത് ഡിആര്‍എസ് എടുക്കുകയായിരുന്നു. ഇതോടെ തീരുമാനം പുനഃപരിശോധിക്കാന്‍ തേര്‍ഡ് അമ്പയറും റെഡിയായി. തുടര്‍ന്ന്, സ്‌നിക്കോയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഷമിയുടെ പന്ത് ചമീരയുടെ ഗ്ലൗസില്‍ ഉരസിയെന്ന് വ്യക്തമാകുകയായിരുന്നു.
പിന്നാലെ, അമ്പയറിന് തന്‍റെ തീരുമാനം മാറ്റി ചമീര വിക്കറ്റാണെന്ന് അറിയിക്കേണ്ടി വന്നു. ഈ സമയം, മനോഹരമായ ചിരിയോടെയാണ് രാഹുല്‍ മൈതാനത്ത് നിന്നിരുന്നത്.
അതേസമയം, വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ 302 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ടീം ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 8 വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സായിരുന്നു നേടിയത്. ശുഭ്‌മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 19.4 ഓവറില്‍ 55 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് സിറാജും ചേര്‍ന്നാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഈ ജയത്തോടെ ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി മാറാനും ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്.