ന്യൂഡല്‍ഹി : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റര്‍ കെഎല്‍ രാഹുലിനെ പുറത്തിരുത്തുമെന്ന് റിപ്പോര്‍ട്ട്. ഫോര്‍മാറ്റിലെ മോശം ഫോമാണ് രാഹുലിന് തിരിച്ചടിയാവുന്നത്. ഈ വര്‍ഷം ടി20യില്‍ കാര്യമായ പ്രകടനം നടത്താന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല.
16 മത്സരങ്ങള്‍ കളിച്ച രാഹുലിന് 434 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 28.39 ആണ് ശരാശരി. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ കളിച്ച താരത്തിന് രണ്ട് തവണ മാത്രമാണ് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്.
ശ്രീലങ്കയ്‌ക്കെതിരായ ടീമില്‍ സ്പെഷ്യലിസ്റ്റുകളെ മാത്രം ഉള്‍പ്പെടുത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ചേതന്‍ ശര്‍മ തലവനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടി20 ലോകകപ്പിലെ നിരാശാജനകമായ പുറത്താവലിന് പിന്നാലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു.
ഈ കമ്മിറ്റി അധികാരമേല്‍ക്കാന്‍ ഒരാഴ്ച കൂടി സമയമെടുത്തേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനാവാത്ത സാഹചര്യത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാവും ഇന്ത്യ കളിക്കുക. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ രോഹിത്തിന്‍റെ തള്ളവിരലിനാണ് പരിക്കേറ്റത്.
ഇതേതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരത്തിന് മൂന്നാം ഏകദിനവും തുടര്‍ന്ന് നടന്ന ടെസ്റ്റ് പരമ്പരയും നഷ്‌ടമായിരുന്നു. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കും ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണും ഇഷാന്‍ കിഷനും പരമ്പരയില്‍ ഇടം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരെ കളിക്കുന്നത്. ഏകദിന ടീമിലേക്ക് രോഹിത്തിനൊപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി മൂന്നിന് മുംബൈയിലാണ് ടി20 പരമ്പരയ്‌ക്ക് തുടക്കമാവുക.
തുടര്‍ന്ന് അഞ്ചിന് പൂനെയിലും ഏഴിന് രാജ്‌കോട്ടിലും രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും. ഇതിന് ശേഷം ജനുവരി 10ന് ഗുവാഹത്തിയിലാണ് ഏകദിന പരമ്പര തുടങ്ങുക. 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമായാണ് രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍.