മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (ODI World Cup 2023) ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 10 വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ച ഇപ്രാവശ്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും സ്വന്തം മണ്ണില്‍ ഇന്ത്യന്‍ ടീം കളിക്കാന്‍ ഇറങ്ങുന്നത്. അതിനുള്ള തയ്യാറെടുപ്പുകളും ടീം ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.
അതേസമയം, പ്രധാന താരങ്ങളുടെ പരിക്ക് നിലവില്‍ ഇന്ത്യന്‍ ആരാധരെ ആശങ്കയിലാഴ്‌ത്തുന്നതാണ്. എന്നാല്‍, ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കെഎല്‍ രാഹുല്‍ (KL Rahul) , ജസ്‌പ്രീത് ബുംറ (Jasprit Bumrah), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നീ മൂന്ന് ഫസ്റ്റ് ചോയിസ് താരങ്ങളും ലോകകപ്പിലേക്ക് അടുക്കുമ്പോഴേക്കും പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്തേക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മൂന്ന് താരങ്ങളും നിലവില്‍ ബെംഗളൂരുവിലെ നാഷ്‌ണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. നിലവിലെ സാഹചര്യത്തില്‍ കെഎല്‍ രാഹുലും ജസ്‌പ്രീത് ബുംറയും ഏഷ്യ കപ്പോടെ തന്നെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സജ്ജരായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും പരിക്കില്‍ നിന്നും ഏറെക്കുറെ മുക്തി നേടിയിട്ടുണ്ട്.
എന്നാല്‍ നിലവില്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ മാത്രമാണ് കൂടുതല്‍ വ്യക്തത ലഭിക്കാത്തത്. അയ്യര്‍ ലോകകപ്പിന് തയ്യാറായില്ലെങ്കില്‍ പകരക്കാരനായി സഞ്‌ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാകും ബിസിസിഐ പരിഗണിക്കുക. പുറംവേദനയ്‌ക്ക് കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയക്ക് വിധേയനായത്.
നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിസിയോ തെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യര്‍. വരുന്ന ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ അയ്യര്‍ പരിശീലനം ആരംഭിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നെറ്റ്‌സില്‍ പന്തെറിഞ്ഞ് ബുംറ: കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ആയിരുന്നു സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. മുതുകിലെ പരിക്ക് ഭേദമാക്കുന്നതിന് വേണ്ടി കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലന്‍ഡില്‍ വച്ച് അദ്ദേഹം ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന്, പിന്നാലെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുന്ന താരം കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഒരു ദിവസം ഏഴ് ഓവറുകളായിരുന്നു ബുംറ നെറ്റ്‌സില്‍ എറിഞ്ഞത്. ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന് മുന്‍പ് തന്നെ ബുംറ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് സാധ്യത. ഏഷ്യ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഐറിഷ് പടയ്‌ക്കെതിരെ പരമ്പരയില്‍ ബുംറയെ ബിസിസിഐ ഉള്‍പ്പെടുത്തിയേക്കില്ല എന്നും റിപ്പോര്‍ട്ടുണ്ട്.
കെഎല്‍ രാഹുലും പരിശീലനത്തില്‍: ഐപിഎല്ലിനിടെ തുടയില്‍ പരിക്കേറ്റ കെഎല്‍ രാഹുലും ശസ്‌ത്രക്രിയക്ക് ശേഷം എൻസിഎയില്‍ നിലിവില്‍ ശാരീരിക പരിശീലനത്തിലാണ്. ജൂലൈ പകുതിയോടെ താരം നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിനെതിരായ പരമ്പരയ്‌ക്ക് മുന്‍പ് തന്നെ രാഹുല്‍ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാനുള്ള സാധ്യതയാണ് നിലവില്‍.
Also Read : ഏഴോവര്‍ പന്തെറിഞ്ഞ് ജസ്‌പ്രീത് ബുംറ ; എൻസിഎയില്‍ പരിശീലന മത്സരത്തിനും സജ്ജന്‍