മുംബൈ : വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം നടത്തി ഏവരേയും വിസ്മയിപ്പിച്ച താരമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി. കൂറ്റനടിക്കാരനായ ധോണിയെ വിക്കറ്റിന് പിന്നിലെത്തിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണിപ്പോള്‍ മുൻ ഇന്ത്യൻ ടീം സെലക്ടറായിരുന്ന കിരൺ മോറെ. 2004ലെ ദുലീപ് ട്രോഫി ഫൈനലിൽ ഇന്ത്യൻ താരവും ബംഗാളിന്‍റെ വിക്കറ്റ് കീപ്പറുമായിരുന്ന ദീപ് ദാസ്‌ഗുപ്‌തയ്‌ക്ക് പകരം ധോണിയെ വിക്കറ്റ് കീപ്പറാക്കിയത് ഏറെ പണിപ്പെട്ടാണെന്നാണ് മോറെ പറയുന്നത്. ഇതിനായി സൗരവ് ഗാംഗുലിയെ സമ്മതിപ്പിക്കാൻ 10 ദിവസമെടുത്തെന്നാണ് ഒരു യൂട്യൂബ് പരിപാടിക്കിടെ മോറെ വെളിപ്പെടുത്തിയിരിക്കുന്നത്.
ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയ ടൂര്‍ണമെന്‍റ് കൂടിയായിരുന്നു 2004ലെ ദുലീപ് ട്രോഫി. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. മധ്യനിരയില്‍ കൂടുതല്‍ വേഗത്തില്‍ 40-50 റൺസ് നേടാൻ പറ്റുന്ന ഒരു കൂറ്റനടിക്കാരനെ. സഹപ്രവർത്തകരിൽ നിന്നും ധോണിയുടെ പ്രകടന മികവിനെക്കുറിച്ച് കേട്ടതിനെ തുടര്‍ന്നാണ് താരത്തിന്‍റെ കളികാണാന്‍ പോയത് - മോറെ പറഞ്ഞു.
also read: കോപ്പയില്‍ ഇനി സാംബ താളം; അഞ്ച് വേദികളുമായി ബ്രസീല്‍
ഒരിക്കൽ ടീം സ്കോറായ 170ൽ 130 റൺസും താരം ഒറ്റയ്ക്ക് നേടുന്നത് കണ്ടിരുന്നു. ഇതിന് പിന്നാലെ ദുലീപ് ട്രോഫി ഫൈനലിൽ ഒരു അവസരം നൽകുന്നതിനായി അന്നത്തെ ഇന്ത്യൻ നായകനായിരുന്ന സൗരവ് ഗാംഗുലിയെ സമീപിച്ചു. ഫൈനലിൽ ധോണി വിക്കറ്റ് കീപ്പറായി കളിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്.
ഇതിനായി അന്ന് ഗാംഗുലിയുമായും ദീപ് ദാസ്‌ഗുപ്‌തയുമായി ഒരുപാട് ചർച്ചകൾ നടത്തി. ദീപ് ദാസ്ഗുപ്തയെ മാറ്റി ധോണിയെ കീപ്പറാക്കാൻ സെലക്ടർമാരോട് ആവശ്യപ്പെടാൻ ഗാംഗുലിയെ സമ്മതിപ്പിക്കാൻ പത്ത് ദിവസത്തോളം വേണ്ടി വന്നുവെന്നാണ് മോറെ പറയുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ധോണി തുടര്‍ന്ന് ഇന്ത്യന്‍ എ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.