മുംബൈ: ലോകകപ്പ് വര്‍ഷത്തില്‍പ്പോലും പരിക്കിന്‍റെ പിടിയിലുള്ള ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ (BCCI) കൈകാര്യം ചെയ്യുന്ന രീതിയില്‍ വിമര്‍ശനവുമായി ഇതിഹാസം കപില്‍ ദേവ് (Kapil Dev). ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ODI World Cup) നടക്കുന്നത്. ജസ്‌പ്രീത് ബുംറ (Jasprit Bumrah), റിഷഭ് പന്ത് (Rishab Panth), കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നീ പ്രധാന താരങ്ങളെല്ലാം പരിക്കില്‍ നിന്നും മുക്തിനേടിവരുന്ന സാഹചര്യത്തിലാണ് കപില്‍ ദേവിന്‍റെ പ്രതികരണം.
'ജസ്‌പ്രീത് ബുംറയ്‌ക്ക് എന്താണ് സംഭവിച്ചത്..? ലോകകപ്പില്‍ ബുംറ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ആ വിശ്വാസത്തോടെ തന്നെ അവനും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ബുംറയ്‌ക്കായി നമ്മള്‍ ഒരുപാട് സമയം കളഞ്ഞു.
ഇനിയും അങ്ങനെ സമയം നഷ്‌ടമാക്കേണ്ട ആവശ്യമുണ്ടോ..? ലോകകപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നാലും അയാള്‍ക്ക് വീണ്ടും പരിക്ക് പറ്റി, നിര്‍ണായക മത്സരങ്ങളില്‍ കളിക്കാതിരിക്കുകയും ചെയ്‌താല്‍ ബുംറയ്‌ക്കായി ചെലവാക്കിയ സമയം വെറുതെയാകും.
സമാനമാണ് റിഷഭ് പന്തിന്‍റെ കാര്യവും. ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച് താരങ്ങളില്‍ ഒരാളാണ് പന്ത്. പന്ത് ടീമിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെട്ടേനെ' -കപില്‍ ദേവ് പറഞ്ഞു. താരങ്ങള്‍ക്ക് ഇങ്ങനെ പരിക്കേല്‍ക്കാനുള്ള കാരണം ഐപിഎല്‍ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ചെറിയ പരിക്ക് ഉണ്ടെങ്കില്‍പ്പോലും ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇന്ത്യന്‍ ടീമിന്‍റെ കാര്യം വരുമ്പോള്‍ അങ്ങനെയല്ല. പരിക്കാണെങ്കില്‍ അവര്‍, ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാതെ ഇടവേളയെടുക്കും.
കരിയറില്‍ വലിയ പരിക്കുകളൊന്നും സംഭവിക്കാത്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. പക്ഷെ അന്നത്തെ പോലെയല്ല ഇപ്പോഴത്തെ സാഹചര്യം. ഇപ്പോള്‍ താരങ്ങളെല്ലാം തന്നെ വര്‍ഷത്തില്‍ 10 മാസവും കളിക്കുന്നവരാണ്.
അതുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യം അവര്‍ക്ക് നല്‍കിയാല്‍പ്പോലും പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത് കളിക്കാരന്‍റെ മാത്രം ഉത്തരവാദിത്തമാണ്. ഐപിഎല്‍ വലിയ ഒരു ടൂര്‍ണമെന്‍റാണ് എന്നതില്‍ ആര്‍ക്കുമൊരു സംശയമില്ല. പക്ഷെ അത് താരങ്ങളുടെ കരിയര്‍ ഇല്ലാതാക്കാനും കാരണമായേക്കാവുന്ന ഒന്നാണ്.
ഈ സാഹചര്യത്തില്‍ കളിക്കാര്‍ക്ക് മിതമായ രീതിയിലുള്ള ഇടവേളകളാണ് ആവശ്യം. നമ്മുടെ ക്രിക്കറ്റ് ബോര്‍ഡ് വേണം ഓരോ താരങ്ങളും എത്രത്തോളം മത്സരങ്ങളില്‍ കളിക്കണമെന്ന് തീരുമാനിക്കേണ്ടത്. ബിസിസിഐയുടെ പക്കല്‍ ഇന്ന് പണമുണ്ട്, പ്രതിഭാശാളികളായ നിരവധി കളിക്കാരും നമുക്കുണ്ട്. എന്നിട്ടും ഭാവിയിലേക്ക് കൃത്യമായൊരു ആസൂത്രണവുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ബോര്‍ഡിന് എന്തോ കുഴപ്പമുണ്ടെന്ന് വേണം പറയാന്‍' -ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ ദേവ് അഭിപ്രായപ്പെട്ടു.