മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഉപദേശവുമായി ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. ഡിപ്രഷന്‍ എന്താണെന്ന് തനിക്ക് അറിയില്ല. ക്രിക്കറ്റ് ആസ്വദിക്കാനാവുമെങ്കില്‍ സമ്മർദമുണ്ടാവില്ലെന്നും കപില്‍ പറഞ്ഞു.
"ഡിപ്രഷന്‍, പ്രഷര്‍ പോലെയുള്ള അമേരിക്കന്‍ വാക്കുകള്‍ എനിക്ക് മനസിലാകുന്നില്ല. ഞാൻ ഒരു കർഷകനാണ്. അവിടെ നിന്നാണ് ഞാൻ വന്നത്. ഞാന്‍ ആസ്വാദനത്തിനായി കളിച്ചു, എവിടെ ആസ്വാദനമുണ്ടോ അവിടെ സമ്മർദം ഉണ്ടാകില്ല", കപില്‍ പറഞ്ഞു.
അമിത സമ്മർദം അനുഭവപ്പെട്ടാൽ ഐപിഎല്ലിൽ കളിക്കരുതെന്നും കപിൽ ദേവ് പറഞ്ഞു. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദം നേരിടുന്നതായി പലരും ടിവിയില്‍ പറയുന്നത് കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയടക്കം മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഏഷ്യ കപ്പിന് മുന്നോടിയായി ക്രിക്കറ്റില്‍ നിന്നും താരം ഇടവേളയെടുക്കുകയും ചെയ്‌തു. ഏറെ നാളായി മോശം ഫോമിനാല്‍ വലഞ്ഞിരുന്ന കോലി ഏഷ്യ കപ്പിലൂടെയാണ് ഫോമിലേക്ക് മടങ്ങിയെത്തിയത്.