ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പര്യടത്തിന്‍റെ ഭാഗമല്ലാത്ത താരങ്ങളെ ചേര്‍ക്കുന്നത് നിലവിലുള്ള കളിക്കാരെ അപമാനിക്കുന്നതാണെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമിലേക്ക് ശുഭ്മാന്‍ ഗില്ലിനു പകരം ശ്രീലങ്കന്‍ പര്യടനത്തിലുള്ള പൃഥ്വി ഷായെ തിരിച്ചു വിളിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കപില്‍.
ഒരു തരത്തിലും അതിന്‍റെ ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. മറ്റൊരു ഓപ്പണറെ ഇംഗ്ലണ്ടിലേക്ക് വിളിച്ചുവരുത്തേണ്ടതില്ല. ഇക്കാര്യത്തില്‍ സെലക്ടര്‍മാര്‍ പക്വത കാണിക്കണം. ക്യാപ്റ്റന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവരോട് ആലോചിക്കാതെ അവര്‍ തീരുമാനമെടുക്കരുത്.
കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മികച്ച ഓപ്പണര്‍മാരാണ്. എന്തിനാണ് മൂന്നാമത് ഒരു ഓപ്പണറെക്കൂടി വിളിപ്പിക്കുന്നത്. അതൊരിക്കലും ശരിയാണെന്ന് തോന്നുന്നില്ല. അത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ നിലവില്‍ ഇംഗ്ലണ്ടിലുള്ള ഓപ്പണര്‍മാരെ അപമാനിക്കുന്നതാണത്.
ആദ്യം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ് കളിക്കേണ്ടത്. നിലവിലെ കളിക്കാരെല്ലാവരും മികച്ചവരാണ് ഇത്തരം ഒരു സാഹചര്യമുണ്ടാവാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അനാവശ്യമായ വിവാദങ്ങളുടെ ആവശ്യമില്ലെന്നും കപില്‍ വ്യക്തമാക്കി. അതേസമയം ആഗസ്റ്റ് നാലിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുക. നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള താരത്തിന് ആദ്യ മത്സരങ്ങള്‍ക്കിറങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.