മുംബൈ: വിരാട് കോലി ഇന്ത്യയ്‌ക്കായി റണ്ണടിച്ച് കൂട്ടിത്തുടങ്ങുന്ന കാലം മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്‌തുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തോടെ സച്ചിന്‍റെ ചില റെക്കോഡുകള്‍ കോലി തകര്‍ക്കുക കൂടി ചെയ്‌തതോടെ ഇരുവരില്‍ ആരാണ് മികച്ച താരമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇതിഹാസ താരം കപില്‍ ദേവ്.
"അത്രത്തോളം നിലവാരമുള്ള കളിക്കാരില്‍ നിന്നും ഒന്നോരണ്ടോ പേരെ തെരഞ്ഞെടുക്കേണ്ടതില്ല. 11 കളിക്കാരുടെ ടീമാണിത്. തീര്‍ച്ചയായും എനിക്ക് എന്‍റേതായ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളുമുണ്ട്.
എല്ലാ തലമുറയിലും മികച്ച താരങ്ങളുണ്ടാവും. ഞങ്ങളുടെ കാലത്ത് സുനില്‍ ഗാവസ്‌കറായിരുന്നു ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. പിന്നെ രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയൊക്കെ നമ്മള്‍ കണ്ടു. ഈ തലമുറയില്‍ രോഹിത് ശര്‍മയും വിരാട് കോലിയുമുണ്ട്.
അടുത്ത തലമുറയില്‍ ഇതിനേക്കാള്‍ മികച്ച താരങ്ങളുണ്ടാവും", കപില്‍ ദേവ് പറഞ്ഞു. ഇന്ത്യയ്‌ക്ക് ആദ്യമായി ഏകദിന ലോകകപ്പ് നേടിത്തന്ന നായകനാണ് കപില്‍ ദേവ്. 1983ലാണ് കപിലും കൂട്ടരും ഇന്ത്യയ്‌ക്കായി ലോകകപ്പ് ഉയര്‍ത്തിയത്.
അതേസമയം ആരാണ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരമെന്ന ചോദ്യത്തിന് അടുത്തിടെ കോലി ഉത്തരം നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ താന്‍ തന്നെ കണക്കാക്കുന്നില്ല. സച്ചിൻ ടെണ്ടുൽക്കറും സർ വിവിയൻ റിച്ചാർഡ്‌സും മാത്രമാണ് ഈ സ്ഥാനത്തിന് അര്‍ഹരെന്നുമാണ് കോലി വ്യക്തമാക്കിയത്.
ALSO READ: ക്രിക്കറ്റിന്‍റെ 'ഗോട്ട്' ആണോ?"; ചോദ്യത്തിന് ഉത്തരം നല്‍കി വിരാട് കോലി-വീഡിയോ