മുംബൈ : ക്രിക്കറ്റിൽ ഫീൽഡിങ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്ന പേരുകളിൽ ഒന്നാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്‌സിന്‍റേത്. മാസ്‌മരിക ഫീൽഡിങ് പ്രകടനങ്ങൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരം നിലവിൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ ഫീൽഡിങ് കോച്ചായാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ നിലവിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫീൽഡർ ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ജോണ്ടി റോഡ്‌സ്.
ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ് ജോണ്ടി റോഡ്‌സ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫീൽഡറായി തെരഞ്ഞെടുത്തത്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഫീൽഡർമാരെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മൂന്ന് പേരൊന്നുമില്ല, ഇപ്പോൾ അങ്ങനെ ഒരാളേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് ജോണ്ടി റോഡ്‌സ് ജഡേജയെ തെരഞ്ഞെടുത്തത്.
അതേസമയം ലോക ക്രിക്കറ്റിലെ ഫീൽഡിങ് നിലവാരം ഉയർത്തുന്നതിൽ ഐപിഎൽ വലിയ പങ്കാണ് വഹിച്ചതെന്നും ജോണ്ടി റോഡ്‌സ് പറഞ്ഞു. ഐപിഎൽ ആരംഭിച്ചപ്പോൾ മാത്രമാണ് ആളുകൾ ശരിക്കും ഫിൽഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകൾക്കും ഫീൽഡിങ് പരിശീലകർ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി.
50 ഓവർ മത്സരങ്ങളും ടി20കളും തമ്മിൽ വലിയ വ്യത്യാസമാണുള്ളത്. ഏകദിന മത്സരങ്ങളിൽ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുമായിരുന്നു. അതിനാൽ തന്നെ ഒരു ടീമിൽ ഒന്നോ രണ്ടോ മികച്ച ഫീൽഡൽമാർ ഉണ്ടായാൽ മതിയായിരുന്നു. എന്നാൽ ഐപിഎൽ ആരംഭിച്ചതോടെ ഫീൽഡിങ് മേഖലയിലും വളർച്ചയുണ്ടായി. 2008 മുതൽ ഏകദേശം 12-13 വർഷങ്ങൾകൊണ്ട് ഒട്ടേറെ മാറ്റങ്ങൾ വന്നു.
നേരത്തെ ഫിൽഡിങ്ങിനെക്കുറിച്ച് ആളുകൾ പറഞ്ഞിരുന്നുവെങ്കിലും ഒരു ടീമിൽ 3-4 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒരു ടീമിലെ എല്ലാവരും മികച്ച ഫീൽഡർമാരാകേണ്ട സാഹചര്യമാണുള്ളത്. ടീമിൽ ഫീൽഡിങ്ങിന്‍റെ വളർച്ച എത്രത്തോളമുണ്ടായി എന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി നമുക്ക് കാണാൻ സാധിച്ചു - ജോണ്ടി റോഡ്‌സ് വ്യക്‌തമാക്കി.
ആഭ്യന്തര മത്സരങ്ങളിൽ ഇനിയും മെച്ചപ്പെടണം : അതേസമയം ആഭ്യന്തര മത്സരങ്ങളിൽ ഫീൽഡിങ് മെച്ചപ്പെടുത്താൻ കൂടുതൽ പരിശീലകരെ നിയമിക്കണമെന്നും ജോണ്ടി റോഡ്‌സ് വ്യക്‌തമാക്കി. ആഭ്യന്തര മത്സരങ്ങളിലെയും അന്താരാഷ്‌ട്ര മത്സരങ്ങളിലെയും ഫീൽഡിങ്ങുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആഭ്യന്തര മത്സരങ്ങളിൽ ഫീൽഡിങ്ങിനായി കൂടുതൽ പരിശീലകരെ നിയമിക്കണമെന്നാണ് എന്‍റെ അഭിപ്രായം.
ഞാൻ ഏതെങ്കിലും സംസ്ഥാനത്തെ അക്കാദമികളിൽ പോയാൽ 3-4 ദിവസം കൊണ്ട് താരങ്ങളെ ഫീൽഡിങ്ങിൽ പ്രചോദിപ്പിക്കാൻ സാധിക്കും. അവർ ആവേശഭരിതരായി ഡ്രില്ലുകൾ നടത്തും. എന്നാൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ അവർ എല്ലാം മറക്കും. അല്ലെങ്കിൽ അതേ തീവ്രതയോടെ പരിശീലനം ചെയ്യാതിരിക്കും. ക്രിക്കറ്റിനെ സംബന്ധിച്ച് നിങ്ങൾ എങ്ങനെ പരിശീലിക്കുന്നു എന്നതാണ് പ്രധാനം.
പൂർണതയുള്ള ഒരു കളിക്കാരനാകാൻ പരിശീലനം അത്യാവശ്യമാണ്. ആഭ്യന്തര തലത്തിൽ കൂടുതൽ പരിശീലകരെ നിയമിക്കുകയും കൂടുതൽ യുവാക്കൾ കടന്നുവരുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പ്രാരംഭ ഘട്ടത്തിൽ തന്നെ ഫീൽഡിങ്ങിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കും. അതിനായി നമ്മൾ പരിശീലകരിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് മാത്രം - ജോണ്ടി റോഡ്‌സ് കൂട്ടിച്ചേർത്തു.