ന്യൂഡൽഹി: വനിത ക്രിക്കറ്റിലെ ഇതിഹാസ താരമായ ജുലൻ ഗോസ്വാമിയുടെ വിരമിക്കലോടെ ഒരു യുഗത്തിന് തിരശ്ശീല വീണുവെന്ന് ബിസിസിഐ. രണ്ട് പതിറ്റാണ്ട് നീണ്ട ജുലൻ ഗോസ്വാമിയുടെ ക്രിക്കറ്റ് കരിയർ എന്നും സ്‌മരിക്കപ്പെടുന്നതാണെന്ന് ബിസിസിഐ വിശേഷിപ്പിച്ചു. ലോർഡ്‌സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ 16 റൺസിന്‍റെ വിജയത്തോടെ പരമ്പര തൂത്തുവാരിയാണ് ഇന്ത്യൻ സംഘം ജുലന് യാത്രയയപ്പ് നൽകിയത്.
വനിത അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച രണ്ടാമത്തെ താരമാണ് ജുലൻ. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച കരിയറിനാണ് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം അവസാനമാകുന്നത്. 12 ടെസ്റ്റ്, 204 ഏകദിനം, 68 ടി20 മത്സരങ്ങളിൽ നിന്നായി 355 വിക്കറ്റുകൾ വീഴ്‌ത്താൻ ജുലന് കഴിഞ്ഞു.
2005, 2009, 2013, 2017, 2022 എന്നീ അഞ്ച് ഏകദിന ലോകകപ്പുകൾ കളിച്ച ജുലൻ വനിത ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ്. വനിത ക്രിക്കറ്റിൽ ഏകദിനത്തിൽ 250ലധികം വിക്കറ്റുകൾ നേടിയ ഏക താരം കൂടിയാണ് ജുലൻ.
സൗരവും ജയ് ഷായും പറയുന്നു: ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ എന്നും അഭിമാനം കൊണ്ട ജുലൻ ഇന്ത്യൻ ക്രിക്കറ്റിനെ എല്ലാ കാലവും മികച്ച രീതിയിൽ സേവിച്ചുവെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയുടെ ബൗളിങ്ങ് അറ്റാക്കിനെ നയിച്ചത് ജുലൻ ആയിരുന്നു. വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ജുലന്‍റെ നേട്ടങ്ങൾ പ്രചോദനമാകും. ക്രിക്കറ്റിൽ താരത്തിന്‍റെ സംഭാവന വിലമതിക്കാനാകാത്തതാണ് എന്നും ഗാംഗുലി പറഞ്ഞു.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ജുലൻ. അസാധാരണ ബൗളിങ് വൈവിധ്യം കൊണ്ട് ജുലൻ നിരവധി വർഷങ്ങൾ ഇന്ത്യയുടെ ബൗളിങ് അറ്റാക്കിനെ നയിച്ചു. യുവ ക്രിക്കറ്റ് താരങ്ങൾക്ക് ജുലൻ എന്നും ഒരു മാനദണ്ഡമായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന വനിത ക്രിക്കറ്റിനെ മിതാലി രാജിനൊപ്പം ജുലൻ ഗോസ്വാമിയും ചേർന്ന് മുൻനിരയിൽ നിന്ന് നയിച്ചുവെന്ന് ബിസിസിഐ ട്രഷറർ അരുൺ സിങ് ധുമൽ നിരീക്ഷിച്ചു. 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തിയാണ് ജുലൻ കരിയറിലെ അവസാന മത്സരം അവസാനിപ്പിച്ചത്.