ജോഹന്നാസ്‌ബെര്‍ഗ്: ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷകളിലൊരാളാണ് റിങ്കു സിങ്. കളിക്കളത്തില്‍ തന്‍റെ ആക്രമണാത്മക ബാറ്റിങ്ങിനാല്‍ ഇതിനകം തന്നെ ഇന്ത്യയ്‌ക്ക് മുതല്‍ക്കുട്ടാവുന്ന പ്രകടനങ്ങള്‍ റിങ്കു നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ റിങ്കുവിനെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്. (Jaques Kallis on Rinku Singh)
ആറാം നമ്പറില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും അനുയോജ്യനായ ബാറ്റര്‍ റിങ്കുവാണെന്നാണ് കാലിസ് പറയുന്നത്. (Jaques Kallis on Rinku Singh Batting position in Indian team) മതിയായ സംയമനവും മത്സര സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും താരത്തിനുണ്ടെന്നും കാലിസ് ചൂണ്ടിക്കാട്ടി.
"അവൻ (റിങ്കു) ഒരു ക്ലാസ് ആക്‌ടാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മൾ കണ്ടതുപോലെ, അവൻ ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തതെന്ന് എല്ലാവര്‍ക്കും അറിയാം. മത്സരങ്ങള്‍ അത്ര മികച്ച രീതിയിലാണ് അവന്‍ ഫിനിഷ് ചെയ്യുന്നത്.
സാഹചര്യത്തിന് അനുസരിച്ചാണ് പ്രകടനങ്ങള്‍. അവന്‍റെ ഷോട്ടുകളും വളരെ നല്ലതാണ്. ഇന്നിങ്‌സിന്‍റെ അവസാനത്തില്‍ അക്രമിക്കേണ്ടി വരുമ്പോള്‍ അവന് അതിന് കഴിയുന്നുണ്ട്. ഇന്ത്യയ്‌ക്ക് ആറാം നമ്പറില്‍ ഏറ്റവും അനുയോജ്യനായ ബാറ്ററാണവന്‍" ജാക്ക് കാലിസ് പറഞ്ഞു.
ഫിനിഷറായുള്ള താരത്തിന്‍റെ സാന്നിധ്യം ടീമിലെ മറ്റ് ബാറ്റര്‍മാര്‍ക്ക് സ്വയം പ്രകടിപ്പിക്കാനും കൂടുതൽ നിർഭയമായി കളിക്കാനും സഹായകമാണ്. ബാറ്റിങ് തകർച്ചയുണ്ടെങ്കിൽപ്പോലും, തന്‍റെ ടീമിനെ മത്സരാധിഷ്ഠിത ടോട്ടലിലേക്ക് എത്തിക്കുന്നതിനോ അല്ലെങ്കില്‍ പിന്തുടരുന്നതിനോ ഉള്ള ഉത്തരവാദിത്തം കൈകാര്യം ചെയ്യാനുള്ള കഴിവ് 26-കാരനുണ്ടെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക (India vs South Africa T20I) ടി20 പരമ്പരയുടെ ഭാഗമായി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് 48-കാരന്‍റെ പ്രതികരണം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിക്കാനിരുന്നത്. എന്നാല്‍ ഇന്നലെ ഡെര്‍ബനിലെ കിംഗ്‌സ്‌മീഡില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
ALSO READ: ഐപിഎല്ലില്‍ നിന്നും ആ നിയമം ഒഴിവാക്കണം; കാരണവുമായി വസീം ജാഫര്‍
12-ന് സെന്‍റ് ജോര്‍ജസ് പാര്‍ക്കിലും 14-ന് ജോഹന്നാസ്‌ബെര്‍ഗിലുമാണ് അടുത്ത രണ്ട് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്‌പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ സൂര്യകുമാര്‍ യാദവിന് കീഴില്‍ റിങ്കു സിങ് ഉള്‍പ്പെടെയുള്ള യുവനിരയാണ് പ്രോട്ടീസിനെതിരെ കളിക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയും സൂര്യയ്‌ക്ക് കീഴില്‍ ഇറങ്ങിയ യുവനിര പരമ്പര തൂക്കിയിരുന്നു.
അഞ്ച് മത്സര പരമ്പര 4-1ന് ആയിരുന്നു ആതിഥേയരായ ഇന്ത്യ സ്വന്തമാക്കിയത്. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളാണ് പരമ്പരകളിലൂടെ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. സ്‌പെഷ്യലിസ്റ്റുകളടങ്ങിയ ടീമിനെ ടി20 ലോകകപ്പിന് അയയ്‌ക്കാന്‍ ബിസിസിഐ പദ്ധതിയിട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.