സിഡ്‌നി : ഐപിഎല്‍ സമയത്തെ ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഭയത്തോടെയല്ലാതെ ഓര്‍ക്കാനാവില്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലിനിടെ ഹോട്ടലില്‍ നിന്നും ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള നിരവധി യാത്രകളില്‍ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ചകളാണുണ്ടായിരുന്നതെന്ന് താരം പറഞ്ഞു.
'നിങ്ങള്‍ക്കറിയുമോ, ഹോട്ടലില്‍ നിന്നും ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള നിരവധി യാത്രകളില്‍ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ചകളാണുണ്ടായിരുന്നത്. തുറന്ന സ്ഥലങ്ങളില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നു. തെരുവില്‍, മൃതദേഹം സംസ്‌കരിക്കാനായി ആളുകള്‍ വരി നില്‍ക്കുന്നു. ഭയത്തോടെയല്ലാതെ ഇക്കാര്യങ്ങളോര്‍ക്കാന്‍ പോലുമാവില്ല'. വാര്‍ണര്‍ പറഞ്ഞു.
also read: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍ : ഹിറ്റ്മാന്‍ ഹിറ്റായാല്‍ കളിമാറുമെന്ന് റമീസ് രാജ
അതേസമയം ഐപിഎല്‍ ഉപേക്ഷിക്കാനുള്ള തീരുമാനം മികച്ചതായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ശരിയായ തീരുമാനമാണെടുത്തതെന്ന് ഞാന്‍ കരുതുന്നു. ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പിനായി അധികൃതര്‍ അവരുടെ പരമാവധി ചെയ്തു. ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ക്രിക്കറ്റ് അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തും. എന്നാല്‍ ഇന്ത്യയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. കഴിയുന്നത്ര വേഗത്തില്‍ അവിടം വിടാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം' വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.