മുംബൈ: തന്‍റെ തലമുറയിലെ മികച്ച പേസര്‍മാരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്താന്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ മിന്നുന്ന പ്രകടനം നടത്തി ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായ താരത്തിന്‍റെ വ്യക്തിഗത ജീവിതം അത്ര സുഖമുള്ളതല്ല. ഭാര്യയായിരുന്ന ഹസിൻ ജഹാനുമായുള്ള ബന്ധം തകർന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ഷമിക്കെതിരെ ഉയര്‍ന്ന് വന്നത്.
ഷമിക്കെതിരെ പരസ്ത്രീ ബന്ധവും ഗാർഹിക പീഡനവും ആരോപിച്ച് ഹസിൻ ജഹാന്‍ ജാദവ്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം പരസ്യമായത്. ഇതിന്‍റെ തെളിവായി സോഷ്യല്‍ മീഡിയയിലൂടെ ചില ചിത്രങ്ങളും ഷമിയുടെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ പുറത്തുവിടുകയും ചെയ്‌തിരുന്നു. പിന്നാലെ ഷമി ഒത്തുകളി നടത്തിയതായും ഹസിൻ ജഹാന്‍ ആരോപിച്ചു.
ഷമിയുടെ ഒത്തുകളിയില്‍ ബിസിസിഐ അന്വേഷണം വേണമെന്നും ഹസിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ ഇഷാന്ത് ശർമ. ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് മൊഴിയെടുത്തപ്പോഴുള്ള തന്‍റെ പ്രതികരണമാണ് ഇഷാന്ത് വെളിപ്പെടുത്തിയത്.
200 ശതമാനം ഉറപ്പ്: "ആ വിഷയത്തെക്കുറിച്ച് ഞാന്‍ ഷമിയുമായി സംസാരിച്ചിരുന്നു. വളരെ ഏറെകാര്യങ്ങള്‍ അവന്‍ പങ്കുവച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി അഴിമതി വിരുദ്ധ യൂണിറ്റ് ഞങ്ങളെ എല്ലാവരെയും സമീപിച്ചിരുന്നു. ഷമിക്ക് ഒത്തുകളി നടത്താൻ കഴിയുമോ എന്ന് അവർ ഞങ്ങളോട് ചോദിച്ചു.
എന്‍റെ ഉത്തരങ്ങളെല്ലാം അവര്‍ എഴുതി എടുക്കുന്നുണ്ടായിരുന്നു. എനിക്ക് ഷമിയുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. പക്ഷെ അവനെ അറിയാവുന്നതിനാല്‍ അത്തരം ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് എനിക്ക് 200 ശതമാനം ഉറപ്പുണ്ടെന്നും ഞാന്‍ പറഞ്ഞു.
അതുകേട്ടപ്പോള്‍ അവനെക്കുറിച്ച് ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് അയാള്‍ക്ക് മനസിലായി. പിന്നെ ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്‌തു", ഇഷാന്ത് പറഞ്ഞു. ഒത്തുകളി ആരോപണങ്ങളിലെ അന്വേഷണങ്ങള്‍ അവസാനിച്ച ബിസിസിഐ ഷമിക്ക് ബോർഡ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
അതേസമയം ഹസിന്‍ ജഹാന് മുഹമ്മദ് ഷമി ജീവനാംശം നല്‍കണമെന്ന് അടുത്തിടെ കോടതി ഉത്തരവുണ്ടായിരുന്നു. പ്രതിമാസം 50,000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷം മുമ്പ് വിവാഹമോചന കേസ് നല്‍കിയപ്പോള്‍ പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി ലഭിക്കണമെന്നാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്.
വ്യക്തിഗത ചിലവുകൾക്കായി ഏഴ് ലക്ഷം രൂപയും മകളുടെ പരിപാലനത്തിനായി മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെയാണിത്. ഈ ഹര്‍ജിയിലാണ് അലിപൂർ കോടതി ജഡ്‌ജി അനിന്ദിത ഗാംഗുലി വിധി പ്രസ്‌താവിച്ചത്. വിധിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച ഹസിന്‍ ജഹാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സൂചന നല്‍കിയിരുന്നു.
ജഹാന്‍റെ പരാതിയെ തുടര്‍ന്ന് ഗാർഹിക പീഡനം, വധശ്രമം എന്നീ കുറ്റങ്ങള്‍ ഉള്‍പ്പടെ ചുമത്തി ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് ജാദവ്പൂർ പൊലീസ് കേസെടുത്തിരുന്നത്. ഷമിയുടെ കുടുംബത്തിനെതിരെയും ഹസിന്‍ ആരോപണം ഉന്നിയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഷമി തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നാണ് പ്രതികരിച്ചത്.