മുംബൈ: 2022ലെ ടി20 ലോകകപ്പിൽ നിന്നുമുള്ള ഇന്ത്യയുടെ പുറത്താവലിനെ ചുറ്റിപ്പറ്റി നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വെറ്റന്മാരായ ചില താരങ്ങളുടെ പ്രകടനത്തോടൊപ്പം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം വേണമെന്ന മുറവിളികളും ശക്തമാണ്.
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല നല്‍കണമെന്നതാണ് പ്രധാന ആവശ്യം. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് മുന്‍ താരങ്ങളടക്കം നിരവധി പേരാണ് പ്രസ്‌തുത ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍ ക്യാപ്റ്റനല്ല, മറിച്ച് കളിയോടുള്ള സമീപനമാണ് മാറേണ്ടതെന്നാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നതിലെ അപകട സാധ്യതയും ഇർഫാൻ പഠാന്‍ ചൂണ്ടിക്കാട്ടി. ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടറായ ഹാര്‍ദികിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. വലിയ ടൂർണമെന്‍റിന് തൊട്ടുമുമ്പ് താരത്തിന് പരിക്കേല്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടിയാവുമെന്നും ഇര്‍ഫാന്‍ പറഞ്ഞു.
"ക്യാപ്റ്റനെ മാറ്റിയാല്‍ മത്സര ഫലങ്ങള്‍ മാറുമെന്ന് ഞാന്‍ പറയുന്നില്ല. ഹാര്‍ദിക് ഒരു ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടറാണെന്ന കാര്യം എല്ലാവരും മനസിലാക്കേണ്ടതുണ്ട്. അവന് പരിക്കിന്‍റെ പ്രശ്‌നങ്ങളുമുണ്ട്.
അവന്‍ ക്യാപ്റ്റനാവുകയും, ഒരു ലോകകപ്പിന് മുമ്പ് പരിക്കേല്‍ക്കുകയും ചെയ്‌താലോ?. നിങ്ങളെ നയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റൊരാളില്ലെങ്കില്‍ എല്ലാം അപകടത്തിലാവുമെന്ന് തീര്‍ച്ച. ഹാര്‍ദിക് മികച്ച ക്യാപ്റ്റന്‍ തന്നെയാണെന്നാണ് വ്യക്തിപരമായി ഞാന്‍ കരുതുന്നത്.
ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച താരമാണ് ഹാര്‍ദിക്. പക്ഷെ പരിക്കിന്‍റെ സാധ്യത തള്ളിക്കളയാനാവില്ല. ഇക്കാരണത്താല്‍ തന്നെ ഒരു ക്യാപ്റ്റനെയല്ല, രണ്ട് ക്യാപ്റ്റന്മാരെയാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. അവരെ എപ്പോഴും തയ്യാറാക്കി നിര്‍ത്തുകയും വേണം", ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ ഇര്‍ഫാന്‍ പഞ്ഞു.
അതേസമയം രോഹിത് ഇന്ത്യയുടെ ടി20 നായകനായിട്ട് ഏകദേശം ഒരു വര്‍ഷക്കാലയളവ് മാത്രമാണ് തികയുന്നത്. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ചുമതയൊഴിഞ്ഞ വിരാട് കോലിക്ക് പകരമാണ് രോഹിത് ശര്‍മ തത്‌സ്ഥാനത്തേക്ക് രോഹിത് എത്തുന്നത്.
also read: ' തല തിരികെയെത്തും, ഇനി പുതു ധോണി യുഗം'; പുതിയ ചുമതല നല്‍കാന്‍ ബിസിസിഐ