ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ - ലഖ്‌നൗ പോരാട്ടത്തിനിടെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പ്രതികരണവുമായി ഇന്ത്യൻ മുൻ താരം വിരേന്ദര്‍ സെവാഗ്. മൈതാനത്ത് ഇത്തരത്തിൽ കലഹമുണ്ടാക്കുന്നത് മോശമാണെന്ന് പറഞ്ഞ സെവാഗ് ഇത്തരം പ്രവർത്തനങ്ങൾ ഈ താരങ്ങളെ തങ്ങളുടെ ഐക്കണായി കാണുന്ന കുട്ടികളെയാണ് അധികം ബാധിക്കുകയെന്നും വ്യക്‌തമാക്കി.
'അന്നത്തെ മത്സരം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടിവി സ്വിച്ച് ഓഫ് ചെയ്‌തു. അതിനാൽ തന്നെ മത്സരത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിറ്റേന്ന് ഉറക്കമുണർന്നപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങൾ അറിയുന്നത്. അന്ന് സംഭവിച്ച കാര്യങ്ങൾ ഒരു തരത്തിലും ശരിയായില്ല.
വിജയിച്ച ടീം ആഘോഷിക്കണം. തോറ്റ ടീം ആ സമയത്ത് തോൽവി സമ്മതിച്ച് നിശബ്‌ദമായി പോകണം. എന്തിനാണ് ആ സമയത്ത് പരസ്‌പരം എന്തെങ്കിലും പറയാൻ പോകുന്നത്. ഞാൻ എപ്പോഴും പറയുന്ന കാര്യമാണിത്, ഇവർ രാജ്യത്തിന്‍റെ ഐക്കണുകളാണ്. അവർ എന്തെങ്കിലും പറഞ്ഞാലും ചെയ്‌താലും അവരെ പിന്തുടരുന്ന രാജ്യത്തെ കോടിക്കണക്കിന് കുട്ടികളെയാണ് ഇത് ബാധിക്കുക.
എന്‍റെ ഐക്കണ്‍ ഇങ്ങനെ ചെയ്‌തെങ്കിൽ ഞാനും ചെയ്യും എന്ന് ആ കുട്ടികളും കരുതും. താരങ്ങളുടെ ചുണ്ടനക്കത്തിൽ നിന്ന് പോലും എന്താണ് അവർ പറഞ്ഞതെന്ന് വായിച്ചെടുക്കാൻ കുട്ടികൾക്ക് സാധിക്കും. അതിനാൽ പരസ്യമായി പോരടിക്കാതെ ഇത്തരം കാര്യങ്ങൾ മനസിൽ വെച്ചാൽ അവരും അത് പരിമിതപ്പെടുത്തി പെരുമാറും' - സെവാഗ് പറഞ്ഞു.
അതേസമയം ഇത്തരം കാര്യങ്ങളിൽ ബിസിസിഐ വിലക്ക് ഉൾപ്പടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കണമെന്നും എങ്കിൽ മാത്രമേ കളിക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂ എന്നും സെവാഗ് വ്യക്‌തമാക്കി. 'ഇത്തരം സംഭവങ്ങൾ മുൻപ് നിരവധി തവണ നടന്നിട്ടുണ്ട്. ഡ്രസിങ് റൂമിലെ നിയന്ത്രിത അന്തരീക്ഷത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നത് നല്ലതാണ്. എന്നാൽ മൈതാനത്തെത്തുമ്പോൾ ഇത്തരം പ്രവർത്തികൾ അത്ര നല്ലതല്ല' - സെവാഗ് വ്യക്‌തമാക്കി.
അത് അയാളുടെ തീരുമാനം, എന്തിന് വീണ്ടും ചോദിക്കുന്നു : ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയോട് വിരമിക്കൽ കാര്യം ആവശ്യമില്ലാതെ എപ്പോഴും ആരായുന്നത് എന്തിനാണെന്നും സെവാഗ് ചോദിച്ചു. 'എനിക്ക് മനസിലാകുന്നില്ല, എന്തിനാണ് അവർ ഇത് വീണ്ടും വീണ്ടും ചോദിക്കുന്നത്. ഇത് ഒരു പക്ഷേ അദ്ദേഹത്തിൻ്റെ അവസാന സീസണായിരിക്കാം.
എങ്കിൽ പോലും എന്തിനാണ് അവനോട് അത് ചോദിക്കുന്നത്. വിരമിക്കൽ എന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. ആ തീരുമാനം അദ്ദേഹം തന്നെ എടുക്കട്ടെ. ഒരുപക്ഷേ ഇത് തന്‍റെ അവസാന സീസണാണെന്നുള്ള ഉത്തരം ലഭിക്കുന്നതിനായിരിക്കാം ഈ ചോദ്യം വീണ്ടും ചോദിക്കുന്നത്. ഇത് തന്‍റെ അവസാന സീസണ്‍ ആണോ എന്നത് എംഎസ് ധോണിക്ക് മാത്രമേ അറിയൂ' - സെവാഗ് കൂട്ടിച്ചേർത്തു.
ALSO READ: IPL 2023 | 'ഞാൻ അങ്ങനെ തീരുമാനിച്ചിട്ടില്ല, 'തല' യുടെ തഗ്ഗ് മറുപടി'; ആവേശത്തിലായി ആരാധകര്‍ - വീഡിയോ
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിന് മുന്‍പായിരുന്നു വിരമിക്കലിനെ കുറിച്ചുള്ള എംഎസ് ധോണിയുടെ പ്രതികരണം. ടോസിനിടെ കമന്‍റേറ്റര്‍ ഡാനി മോറിസണിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഇപ്പോൾ ലഭിക്കുന്ന ആരാധകരുടെ പിന്തുണയും ഈ അവസാന സീസണും എങ്ങനെ ആസ്വദിക്കുന്നു എന്ന മോറിസണിന്‍റെ ചോദ്യത്തിന് 'ഞാനല്ലല്ലോ, നിങ്ങളല്ലേ ഇതെന്‍റെ അവസാന സീസണ്‍ എന്ന് തീരുമാനിച്ചതെന്നായിരുന്നു' ധോണിയുടെ ചിരിച്ചുകൊണ്ടുള്ള മറുചോദ്യം.