ബെംഗളൂരു: കഴിഞ്ഞ ടി20 ലോകകപ്പിലും അതിന് മുന്‍പ് നടന്ന ഏഷ്യ കപ്പിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്ന താരമാണ് വിരാട് കോലി. എന്നാല്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ കോലി ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ദേശീയ ടീമിലുള്ള അവസരം നഷ്‌ടമായി. ഏകദിന ടെസ്റ്റ് ടീമുകളിലിടം നേടാനായിരുന്നെങ്കിലും ടി20 ടീമിലേക്ക് ഇവരെ പരിഗണിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലായിരുന്നു ഐപിഎല്ലിന്‍റെ വരവ്. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ച്വറിയടിച്ച് താന്‍ ഇപ്പോഴും ടി20 ക്രിക്കറ്റിന് അനുയോജ്യനായ താരമാണെന്ന് തെളിയിക്കാന്‍ വിരാട് കോലിക്കായി. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് താരം ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു.
എന്നാല്‍ ടൂര്‍ണമെന്‍റിലെ അവസാന രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറിയടിച്ച് ഈ വിമര്‍ശനങ്ങള്‍ക്കും കോലി ബാറ്റ് കൊണ്ട് തന്നെ മറുപടി നല്‍കി. സീസണിലെ 14 മത്സരങ്ങളില്‍ നിന്നും 53.25 ശരാശരിയില്‍ 639 റണ്‍സായിരുന്നു ഇക്കുറി താരം അടിച്ചുകൂട്ടിയത്.
139.82 പ്രഹരശേഷിയിലായിരുന്നു ഇത്തവണ കോലി ബാറ്റ് ചെയ്‌തത്. ഗുജറാത്തിനെതിരായ സെഞ്ച്വറിയോടെ ഐപിഎല്ലില്‍ കൂടുതല്‍ ശതകം നേടുന്ന താരമായും കോലി മാറി. ഇതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ തന്‍റെ കാലം കഴിഞ്ഞുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിരാട് കോലി തന്നെ രംഗത്തെത്തിയിരുന്നു.
Also Read : IPL 2023 | സെഞ്ച്വറി 'രാജാവ്' കോലി തന്നെ, ക്രിസ് ഗെയിലിന്‍റെ റെക്കോഡ് മറികടന്ന് ആര്‍സിബി സൂപ്പര്‍ സ്റ്റാര്‍
'ഞാന്‍ സന്തോഷവാനാണ് ഇപ്പോള്‍. ടി20 ക്രിക്കറ്റില്‍ എനിക്ക് ഇനി കൂടുതല്‍ അവസരങ്ങള്‍ കിട്ടില്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍ ഞാന്‍ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല.
ഇപ്പോഴും എന്‍റെ ഏറ്റവും മികച്ച ടി20 ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഗ്യാപ്പുകളിലൂടെ റണ്‍സ് കണ്ടെത്താനും ബൗണ്ടറികളിലൂടെ വലിയ സ്‌കോറുകള്‍ നേടാനും ഞാന്‍ ശ്രമിക്കുന്നുണ്ട്.
സാഹചര്യങ്ങള്‍ മനസിലാക്കിവേണം കളിക്കാന്‍. ഞാന്‍ ഇപ്പോള്‍ അതാണ് ചെയ്യുന്നത്', വിരാട് കോലി പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് വിരാട് കോലി. ഇതുവരെയുള്ള കരിയറില്‍ 11,864 റണ്‍സ് നേടിയിട്ടുള്ള താരം കുട്ടിക്രിക്കറ്റിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയിലെ നാലാമനും ഇന്ത്യന്‍ താരങ്ങളിലെ ഒന്നാമനുമാണ്. ഐപിഎല്ലിലെയും അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലെയും എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരന്‍ വിരാട് കോലിയാണ്.
ഐപിഎല്‍ കരിയറിലെ 237 മത്സരങ്ങളില്‍ നിന്നും 7263 റണ്‍സാണ് വിരാട് കോലി അടിച്ചെടുത്തിട്ടുള്ളത്. ഏഴ് സെഞ്ച്വറിയും 50 അര്‍ധസെഞ്ച്വറിയും ഐപിഎല്ലില്‍ കോലിയുടെ പേരിലുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 115 മത്സരങ്ങളില്‍ നിന്നും 4008 റണ്‍സാണ് വിരാടിന്‍റെ സമ്പാദ്യം.
Also Read : IPL 2023| 'കിരീടമില്ലാത്ത രാജാവ്'; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജഴ്‌സിയില്‍ വിരാട് കോലിക്ക് വീണ്ടും നിരാശ