ഡല്‍ഹി : തുടര്‍ച്ചയായ അഞ്ച് തോല്‍വിക്ക് പിന്നാലെയാണ് ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ ജയം സ്വന്തമാക്കിയത്. ഇന്നലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. 128 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി അവസാന ഓവറിലായിരുന്നു ജയം പിടിച്ചത്.
128 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി അല്‍പ്പം പാടുപെട്ടാണ് വിജയലക്ഷ്യം മറികടന്നത്. മുന്‍ നിരയില്‍ പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്‌റ്റന്‍ ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ 57 റണ്‍സ് നേടിയതാണ് ടീമിന്‍റെ ജയത്തില്‍ നിര്‍ണായകമായത്. മനീഷ് പാണ്ഡെ 21, അക്‌സര്‍ പട്ടേല്‍ 19* എന്നിങ്ങനെയായിരുന്നു മധ്യനിരയിലെ പ്രമുഖ താരങ്ങളുടെ സ്‌കോര്‍.
ടൂര്‍ണമെന്‍റില്‍ ബാറ്റര്‍മാര്‍ മികവിലേക്ക് ഉയരാത്തതാണ് ഡല്‍ഹി ടീമിന് ഇപ്പോഴും തിരിച്ചടിയായി തുടരുന്നത്. ഇക്കാര്യം ടീമിന്‍റെ ഡയറക്‌ടര്‍ സൗരവ് ഗാംഗുലി തന്നെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരശേഷം തുറന്നുസമ്മതിച്ചു. ബാറ്റര്‍മാര്‍ താളം കണ്ടെത്തിയാല്‍ മാത്രമേ വരും മത്സരങ്ങളില്‍ ടീമിന് ജയത്തിലേക്കെത്താന്‍ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇന്ന് ഭാഗ്യം ഞങ്ങള്‍ക്കൊപ്പമായിരുന്നു. ഈ സീസണിലും മുന്‍വര്‍ഷങ്ങളെപ്പോലെ തന്ന മികച്ച രീതിയില്‍ പന്തെറിയാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. സ്‌പിന്നര്‍മാര്‍ മികച്ച പ്രകടനം തന്നെ കാഴ്‌ചവച്ചു.
എന്നാല്‍ ബാറ്റിങ്ങിലാണ് ഇപ്പോള്‍ പ്രശ്‌നം. അത് എങ്ങനെ മെച്ചപ്പെടുത്തണമെന്നാണ് ഞങ്ങള്‍ നോക്കുന്നത്. പൃഥ്വി ഷാ, മനീഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാമാണ് ഞങ്ങളുടെ പ്രധാന താരങ്ങള്‍.
അവരെ ഫോമിലേക്ക് മടക്കി കൊണ്ടുവരാന്‍ എന്ത് ചെയ്യണമോ അതെല്ലാം ചെയ്യും. ഞങ്ങളുടെ അടുത്ത മത്സരം ഹൈദരാബാദിലാണ്. സാധാരണ ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന അവിടെ അവര്‍ മികവിലേക്ക് ഉയരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' - ഗാംഗുലി പറഞ്ഞു.
ഇന്നലെ മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഡല്‍ഹി ബോളര്‍മാര്‍ കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ചതോടെ അവര്‍ക്ക് നിശ്ചിത ഓവറില്‍ 127 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 39 പന്തില്‍ 43 റണ്‍സ് നേടിയ ജേസണ്‍ റോയ് ആയിരുന്നു സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.
ഡല്‍ഹിക്ക് വേണ്ടി പേസര്‍മാരായ ഇഷാന്ത് ശര്‍മ, ആൻറിക് നോര്‍ക്യ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ക്യാപ്‌റ്റന്‍ നിതീഷ് റാണ, അനുകുല്‍ റോയ് എന്നിവര്‍ ആതിഥേയരുടെ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. എന്നാല്‍, ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറിന്‍റെ അര്‍ധസെഞ്ച്വറിയായിരുന്നു അവരുടെ ജയത്തില്‍ നിര്‍ണായകമായത്.