അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 172 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ബാഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്.
42 പന്തില്‍ 75 റണ്‍സടിച്ച എബി ഡിവില്ലിയേഴ്‌സിന്‍റെ മിന്നുന്ന പ്രകടനമാണ് ബാഗ്ലൂരിന് മുതല്‍ക്കൂട്ടായത്. രജത് പടിദാര്‍ 22 പന്തില്‍ 31 റണ്‍സും ഗ്ലെന്‍ മാക്‌സ്വെല്‍ 20 പന്തില്‍ 25 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി 12 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 17 റണ്‍സും കണ്ടെത്തി.
ഡല്‍ഹിക്കായി ആദ്യ മത്സരത്തിനിറങ്ങിയ പേസര്‍ ഇഷാന്ത് ശര്‍മ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അക്സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ നേടി. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയ ആര്‍ അശ്വിന് പകരമാണ് ഇഷാന്ത് ശര്‍മ ടീമിലെത്തിയത്.
ബാംഗ്ലൂര്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. പേസര്‍ നവ്ദീപ് സെയ്‌നിക്ക് പകരം രജത് പടിദാറും, ഡാനിയന്‍ ക്രിസ്റ്റ്യന് പകരം ഡാനിയന്‍ സാംസും പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ഇരു ടീമുകളും നാല് മത്സരങ്ങള്‍ വീതം വിജയിച്ചിട്ടുണ്ട്. ജയിക്കുന്ന ടീം പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തും.