മുംബൈ : ആദ്യ മത്സരം കഴിഞ്ഞ് ഒരാഴ്‌ചയോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടാന്‍ ഇറങ്ങിയത്. എന്നാല്‍, വാങ്കഡേ സ്റ്റേഡിയത്തിലെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈക്ക് തോല്‍വിയോടെ മടങ്ങേണ്ടി വന്നു. ചെന്നൈക്കെതിരെ ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ മുംബൈക്ക് സാധിച്ചില്ല.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സ് മാത്രം നേടാനായിരുന്നു സാധിച്ചത്. 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 31 റണ്‍സടിച്ച ടിം ഡേവിഡുമായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍മാര്‍. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഒരു റണ്ണുമായി മടങ്ങിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ 21 റണ്‍സ് നേടിയാണ് പുറത്തായത്.
മത്സരത്തില്‍ മുംബൈക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ 13 പന്ത് നേരിട്ടാണ് രോഹിത് 21 റണ്‍സ് നേടിയത്. ഒന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനൊപ്പം 38 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് നാലാം ഓവറില്‍ തുഷാര്‍ ദേശ്‌പാണ്ഡെയുടെ പന്തില്‍ പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അനായാസമാണ് മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ചെന്നൈയുടെ മൂന്ന് വിക്കറ്റ് മാത്രമായിരുന്നു മുംബൈ ബോളര്‍മാര്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് ശേഷം, താന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഉത്തരവാദിത്തത്തോടെ കളിക്കേണ്ടത് ആവശ്യമാണെന്ന് നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
'ഐപിഎല്ലിന്‍റെ സ്വഭാവം എന്താണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഉള്‍പ്പടെയുള്ള ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ട്. നമുക്ക് നമ്മുടേതായ ഒരു മൊമന്‍റം കണ്ടെത്തേണ്ടതുണ്ട്.
അത് ലഭിച്ചില്ലെങ്കില്‍ മുന്നോട്ടുള്ള യാത്ര കഠിനമായിരിക്കും. അതുകൊണ്ട് തന്നെ സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഒരു ജയം നേടാനായല്‍ മുന്നിലേക്ക് നമുക്ക് വീണ്ടും കുതിപ്പ് നടത്താന്‍ സാധിക്കും.
എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, അത് നമ്മുടെ യാത്രയ്ക്ക് തന്നെ തടസമായി മാറും. കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ ചെയ്യാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ സാധിച്ചില്ല' - രോഹിത് പറഞ്ഞു.
'അവസാന സീസണ്‍ ഞങ്ങള്‍ പ്രതീക്ഷിച്ച രീതിയിലല്ല അവസാനിച്ചത്. എല്ലായ്‌പ്പോഴുമൊരു പുത്തന്‍ തുടക്കം സ്വന്തമാക്കാനാണ് ഞങ്ങളുടെ ശ്രമം. അഞ്ച് കിരീടം നേടിയപ്പോള്‍ പോലും ഞങ്ങള്‍ അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.
എല്ലാ എതിരാളികളും കരുത്തരാണ്. അവരെ മറികടക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളുടെ ഫലങ്ങള്‍ ഇനി മാറ്റാന്‍ സാധിക്കില്ല. തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരുന്ന മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തും' - രോഹിത് കൂട്ടിച്ചേര്‍ത്തു.
More Read: IPL 2023 | മിന്നല്‍ അര്‍ധ സെഞ്ചുറിയുമായി രഹാനെ ; മുംബൈയെ തകര്‍ത്ത് ചെന്നൈ
ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ഇഷാന്‍ കിഷന്‍റെയും പുറത്താകലിന് പിന്നാലെ ക്രീസിലെത്തിയ മുംബൈ ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഒരുഘട്ടത്തില്‍ 76-5 എന്ന നിലയിലേക്ക് വീണ മുംബൈയെ ടിം ഡേവിഡും ഹൃത്വിക് ഷോക്കീനും (18*) ചേര്‍ന്നാണ് 150 കടത്തിയത്.