ദുബായ് : ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ഫൈനലില്‍. ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ഡല്‍ഹി മുന്നോട്ടുവച്ച 173 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കെ ചൈന്നൈ മറികടക്കുകയായിരുന്നു. ഒന്‍പതാം തവണയാണ് ചെന്നൈ ഫൈനലില്‍ പ്രവേശിക്കുന്നത്.
50 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 70 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്ക്‌വാദും 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും നേടി 63 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയുമാണ് വിജയത്തിലേക്കുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയത്. ഈ സഖ്യം 77 പന്തില്‍ നിന്നും 110 റണ്‍സ് പടുത്തുയര്‍ത്തി. ഒടുവില്‍ 6 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 18 റണ്‍സെടുത്ത് ധോണി സൂപ്പര്‍ ഫിനിഷറുമായി.
173 റണ്‍സ് പിന്‍തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരമേറ്റു. ഫാഫ് ഡുപ്ലെസി കേവലം ഒരു റണ്ണിന് പുറത്തായി. ആന്‍റിച്ച് നോര്‍ക്കെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ റോബിന്‍ ഉത്തപ്പ ഋതുരാജുമായി ചേര്‍ന്ന് ആഞ്ഞടിച്ച് സ്കോറിങ് ഉയര്‍ത്തി. 35 പന്തുകളില്‍ നിന്ന് ഉത്തപ്പയും 37 പന്തുകളില്‍ നിന്ന് ഋതുരാജും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.
ഈ ഘട്ടത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ചെന്നൈക്ക് 113 ല്‍ നില്‍ക്കെ ഉത്തപ്പയെ നഷ്ടമായി.സിക്‌സിനുള്ള ശ്രമം ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് കലാശിച്ചത്. പകരമെത്തിയ ശാര്‍ദുല്‍ ഠാക്കുര്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. ശേഷമെത്തിയ അമ്പാട്ടി റായുഡു ഒരു റണ്ണിനും കൂടാരം കയറി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 എന്ന നിലയിലായിരുന്ന ടീം ഇതോടെ 4 പേരുടെ നഷ്ടത്തില്‍ 119 എന്നതിലേക്ക് വീണു.
തുടര്‍ന്ന് മോയിന്‍ അലിയുമായി ചേര്‍ന്ന് മത്സരം തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു ഋതുരാജിന്‍റേത്. അവസാന രണ്ട് ഓവറില്‍ ചെന്നൈക്ക് 24 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ 19ാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഋതുരാജിനെ ആവേശ് ഖാന്‍ അക്ഷര്‍ പട്ടേലിന്‍റെ കൈകളിലെത്തിച്ചു. ഈ സീസണില്‍ 600 റണ്‍സ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്.
ഈ നേട്ടം കൈവരിക്കുന്ന ചൈന്നെ സംഘത്തിലെ മൂന്നാമനാണ് ഋതുരാജ്. പകരമെത്തിയ ധോണിയിലായി ഏവരുടെയും പ്രതീക്ഷ. അതിനൊത്ത പ്രകടനമായിരുന്നു താരത്തിന്‍റേത്. തകര്‍പ്പന്‍ സിക്സുമായി ധോണി കളി തിരികെപ്പിടിക്കുന്നതിന്‍റെ സൂചന നല്‍കി. അവസാന ഓവറില്‍ ചെന്നൈക്ക് വേണ്ടത് 13 റണ്‍സ്.
ടോം കറന്‍റെ ആദ്യ പന്തില്‍ മോയിന്‍ അലി പുറത്ത്. പകരം ജഡേജ ക്രീസില്‍. രണ്ടാം പന്തും മൂന്നാം പന്തും ബൗണ്ടറി കടത്തി ധോണി ആവേശകരമായ അന്ത്യത്തിലേക്ക് മത്സരത്തെ നയിച്ചു. ടോം കറന്‍ വൈഡ് എറിഞ്ഞതോടെ വിജയത്തിനുവേണ്ടത് നാല് റണ്‍സ്. നാലാം പന്തും ബൗണ്ടറി കടത്തി ധോണി കൂളായി കളി പൂര്‍ത്തിയാക്കി.
ഡല്‍ഹിക്കുവേണ്ടി ടോം കറന്‍ മൂന്ന് വിക്കറ്റെടുത്തു. 49 പന്തില്‍ മൂന്ന് സിക്സും 7 ഫോറും പറത്തി 60 റണ്‍സെടുത്ത പൃഥ്വി ഷായും 35 പന്തില്‍ 51 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നെടുംതൂണ്‍ കൂട്ടുകെട്ടായത്. 24 പന്തില്‍ 37 റണ്‍സുമായി ഹെറ്റ്‌മയറും നിര്‍ണായക സംഭാവനയേകിയതോടെ ടീം 5 വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന മികച്ച സ്കോറിലെത്തി. ചെന്നൈക്കായി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് നേടി.