മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ രക്തങ്ങളായ സഞ്ജു സാംസണും റിഷഭ് പന്തും ഐപിഎല്ലിൽ ഇന്ന് നേർക്കുനേർ. വാംഖഡെ സ്റ്റേഡിയത്തിലാണ് സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസും പന്തിന്‍റെ ഡൽഹി ക്യാപിറ്റൽസും പോരടിക്കുക. ചെന്നെെക്കെതിരായ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയെത്തുന്നത്.
ശിഖർ ധവാൻ, പൃഥ്വി ഷാ തുടങ്ങിയവരുടെ താരങ്ങളുടെ ഫോം ടീമിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ബൗളിങ് യൂണിറ്റില്‍ ക്രിസ് വോക്സ്, അവേശ് ഖാൻ, കഗീസോ റബാദ തുടങ്ങിയ താരങ്ങളുടെ പ്രകടനവും നിര്‍ണായകമാവും. കഴിഞ്ഞ സീസണില്‍ പ്രധാനിയായ ആന്‍റിച്ച് നോർട്‌ജെക്ക് കൊവിഡ് സ്ഥിരീകരിച്ചത് ടീമിന് തിരിച്ചടിയാണ്.
അതേസമയം പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ കൈവിട്ട വിജയം പിടിച്ചെടുക്കാനാവും സഞ്ജുവും സംഘവും കളത്തിലിറങ്ങുക. എന്നാല്‍ വിരലിന് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ബെൻ സ്റ്റോക്ക്‌സ് നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് വലിയ തിരിച്ചടിയാണ്. സ്റ്റോക്ക്‌സിന് പകരക്കാരനായി ലിയാം ലിവിംഗ്സ്റ്റണോ ഡേവിഡ് മില്ലറോ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ബൗളിങ് യൂണിറ്റില്‍ യുവതാരം ചേതന്‍ സക്കറിയ മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയത്. ക്രിസ് മോറിസ്, ശ്രയസ് ഗോപാല്‍, രാഹുല്‍ തേവാത്തിയ എന്നിവര്‍ കൂടുതല്‍ വഴങ്ങുന്നത് ടീമിന് തലവേദനയാണ്.
അതേസമയം സ്റ്റാര്‍ പേസര്‍ ജോഫ്ര ആർച്ചർ പരിശീലനം ആരംഭിച്ചത് ടീമിന് ആശ്വാസമാണ്. എന്നാല്‍ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന വാംഖഡെയിൽ രാജസ്ഥാനേക്കാൾ മുൻതൂക്കം ഡൽഹിക്കുണ്ട്. വാങ്കഡെയിൽ നേരത്തെ നടന്ന ഒമ്പത് ടി20 കളിലായി 182 റണ്‍സാണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോർ. ഇതില്‍ കൂടgതലും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനാണ് ഇവിടെ വിജയിക്കാനായത്. ഇതിന് മുൻപ് 22 തവണയാണ് രാജസ്ഥാനും ഡൽഹിയും ഏറ്റുമുട്ടിയത്. ഇതിൽ 11 ജയം വീതം ഇരുവര്‍ക്കൊപ്പം നിന്നു.