ചെന്നൈ: ഐപിഎല്‍ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ എതിരാളികള്‍ ഭയപ്പെടുന്ന ടീമായി മുംബൈ ഇന്ത്യന്‍സ് മാറിയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്‌ഡന്‍. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ രോഹിത് ശര്‍മ്മയും സംഘവും 81 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹെയ്‌ഡന്‍റെ പ്രതികരണം.
അഞ്ച് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഈ സീസണില്‍ ആദ്യം ലഭിച്ചത്. ആദ്യത്തെ ഏഴ്‌കളികളില്‍ നിന്നും മൂന്ന് ജയം മാത്രം നേടിയ ടീമിന് പ്ലേഓഫ് സാധ്യത പോലും ആരും നല്‍കിയിരുന്നില്ല. ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പകുതിയില്‍ ടീമിന്‍റെ പ്രകടനങ്ങളും അപ്പാടെ മാറി.
ലീഗ് ഘട്ടത്തിലെ അവസാന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ജയം പിടിക്കാന്‍ മുംബൈക്ക് സാധിച്ചു. ഒടുവില്‍ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായണ് മുംബൈ പ്ലേഓഫിലേക്ക് എത്തിയത്. സീസണിലേക്കുള്ള മുംബൈയുടെ തിരിച്ചുവരവ് ചൂണ്ടിക്കാട്ടിയായിരുന്നു മാത്യു ഹെയ്‌ഡന്‍റെ പ്രതികരണം.
'സവിശേഷമായ ഒരു നേട്ടമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സീസണിന്‍റെ രണ്ട് പകുതികളിലും വ്യത്യസ്‌ത പ്രകടനങ്ങളാണ് മുംബൈ പുറത്തെടുത്തത്. ആദ്യത്തെ ഏഴ് മത്സരം, അതില്‍ മൂന്ന് ജയവും നാല് തോല്‍വിയുമായിരുന്നു അവരുടെ സമ്പാദ്യം.
അടുത്ത ഏഴ് കളികളില്‍ അഞ്ചിലും അവര്‍ ജയിച്ചു. ശക്തമായി തന്നെ അവര്‍ ഈ ടൂര്‍ണമെന്‍റിലേക്ക് മടങ്ങിയെത്തി. ഇപ്പോള്‍ എതിരാളികള്‍പ്പോലും അവരെ ശരിക്കും ഭയപ്പെടുന്നുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്' ഹെയ്‌ഡന്‍ പറഞ്ഞു.
ലഖ്‌നൗവിനെ തകര്‍ത്ത് രണ്ടാം ക്വാളിഫയര്‍ കളിക്കാന്‍ യോഗ്യത നേടിയ മുംബൈ ഇന്ത്യന്‍സ് അടുത്ത മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ഗുജറാത്തിനെതിരെ അവസാന ലീഗ് മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസം രോഹിതിനും സംഘത്തിനുമുണ്ട്. നാളെ അഹമ്മദാബാദിലാണ് ഈ മത്സരം.
അതേസമയം, ക്വാളിഫയറിലേക്കുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ മുന്നേറ്റം ഐപിഎല്‍ ഫൈനലില്‍ ഇതിനോടകം തന്നെ സ്ഥാനം പിടിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും വിറപ്പിക്കുന്നതാണെന്നും മാത്യു ഹെയ്‌ഡന്‍ അഭിപ്രായപ്പെട്ടു. 'അടുത്തകളിയില്‍ ഗുജറാത്തിനെ വീഴ്‌ത്തി മുംബൈ ഫൈനലിന് യോഗ്യത നേടിയാല്‍ ചെന്നൈക്ക് പിന്നീട് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.
സിഎസ്‌കെയുടെ ബൗളിങ് പരിശീലകന്‍ ഡിജെ ബ്രാവോ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്' ഹെയ്‌ഡന്‍ പറഞ്ഞു. ഐപിഎല്‍ പ്ലേഓഫില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വ്യക്തമായ ആധിപത്യമുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. നാല് പ്രാവശ്യമാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ ഐപിഎല്‍ ഫൈനലില്‍ തമ്മില്‍ പോരടിച്ചിട്ടുള്ളത്.
അതില്‍ മൂന്ന് പ്രാവശ്യവും ചെന്നൈയെ വീഴ്‌ത്തി കിരീടം നേടാന്‍ മുംബൈക്ക് സാധിച്ചു. എന്നാല്‍, ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു ജയം. രണ്ടാം ക്വാളിഫയറിലേക്ക് മുംബൈ ഇന്ത്യന്‍സ് എത്തിയതിന് പിന്നാലെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ പോരടിക്കുന്ന കലാശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
Also Read : IPL 2023| കുംബ്ലെയും ബുംറയും മാറിനില്‍ക്കും; മധ്വാൾ എറിഞ്ഞിട്ടത് അഞ്ച് വിക്കറ്റും ഒരു പിടി റെക്കോഡും