മുംബൈ: ഇത്തവണത്തെ ഐപിഎൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ താരമായ കുൽദീപ് യാദവ് കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെതിരെ പുറത്തെടുക്കുന്ന പ്രകടനം കണ്ടാൽ 'പക വീട്ടുകയാണോ' എന്ന് ആരായാലും ചോദിച്ച് പോകും. സീസണിൽ കൊൽക്കത്തക്കെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകളാണ് കുൽദീപ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിട്ടും ബെഞ്ചിലിരുത്തിയതിന്‍റെ മധുര പ്രതികാരം തന്നെയാകാം ഒരു പക്ഷേ ഈ പ്രകടനത്തിന് പിന്നിൽ.
കൊൽക്കത്തക്കൊപ്പം രണ്ട് സീസണുകൾ കളിച്ച കുൽദീപിന് 14 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റ് മാത്രമേ സ്വന്തമാക്കാൻ സാധിച്ചിരുന്നുള്ളു. വേണ്ട പരിഗണനയോ അവസരമോ താരത്തിന് അന്ന് ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുമായി പർപ്പിൾ ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് താരം എത്തിയിട്ടുണ്ട്. ഇതിൽ എട്ട് വിക്കറ്റുകളും കൊൽക്കത്തക്കെതിരെയാണ് എന്നതാണ് ശ്രദ്ധേയം.
ഈ സീസണിൽ കൊൽക്കത്തക്കെതിരായ ആദ്യ മത്സരത്തിൽ നാല് ഓവറിൽ 35 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകൾ കുൽദീപ് സ്വന്തമാക്കിയത്. നായകൻ ശ്രേയസ് അയ്യർ, പാറ്റ് കമ്മിനസ്, സുനിൽ നരെയ്‌ൻ, ഉമേഷ് യാദവ് എന്നിവരായിരുന്നു കുൽദീപിന്‍റെ ഇരകൾ. മത്സരത്തിൽ 44 റണ്‍സിന്‍റെ വിജയം ഡൽഹിക്ക് നേടിക്കൊടുത്ത കുൽദീപ് പ്ലെയർ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതുകൊണ്ടൊന്നും അവസാനിക്കുന്നതായിരുന്നില്ല കുൽദീപിന്‍റെ പ്രതികാരം. രണ്ടാം മത്സരത്തിലും കെകെആറിന്‍റെ നിർണായകമായ നാല് വിക്കറ്റുകൾ കുൽദീപ് സ്വന്തമാക്കി. മൂന്ന് ഓവറിൽ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്. ശ്രേയസ് അയ്യർ രണ്ടാം തവണയും കുൽദീപിന്‍റെ ഇരായായി. കൂടാതെ ആൻന്ദ്രേ റസൽ, സുനിൽ നരെയ്‌ൻ, ബാബ ഇന്ദ്രജിത്ത് എന്നിവരേയും താരം കൂടാരം കയറ്റി. ഈ മത്സരത്തിലും കുൽദീപ് തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്.