മുംബൈ: ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ രാഹുല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. 50 പന്ത് നേരിട്ട രാഹുല്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 68 റൺസ് നേടിയത്. ലഖ്‌നൗ നായകനായ രാഹുൽ ഈ അർദ്ധസെഞ്ച്വറിയോടെ മറ്റൊരു നാഴികക്കല്ലാണ് മറികടന്നത്.
2020ന് ശേഷം കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡിലാണ് രാഹുല്‍ മറ്റുള്ളവരെയെല്ലാം പിന്നിലാക്കി കുതിക്കുന്നത്. ഹൈദരാബാദിനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ 1404 റണ്‍സാണ് ഐപിഎല്ലില്‍ നായകനായി 2020ന് ശേഷം രാഹുല്‍ നേടിയത്. 30 മത്സരങ്ങളിലാണ് രാഹുല്‍ ഐപിഎല്ലിൽ നായകനായത്.
ALSO READ: IPL 2022 | മിന്നല്‍ റണ്ണൗട്ടുമായി വീണ്ടും ധോണി; കയ്യടിച്ച് ആരാധകർ
ലഖ്‌നൗവിനെ മൂന്ന് മത്സരത്തിൽ മാത്രം നയിച്ച താരം പഞ്ചാബ് കിങ്‌സിനൊപ്പമാണ് കൂടുതല്‍ മത്സരങ്ങളും കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള മുന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയുടെ പേരില്‍ 871 റണ്‍സാണുള്ളത്. അവസാന സീസണോടെ നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ഈ റെക്കോഡില്‍ ഇനി കോലിക്ക് രാഹുലിന് വെല്ലുവിളി ഉയര്‍ത്താനാവില്ല. ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ചിട്ടുള്ള രോഹിത് 2020ന് ശേഷം നേടിയത് 764 റണ്‍സാണ്.
ടി20യില്‍ കൂടുതല്‍ ഫിഫ്റ്റി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് രാഹുല്‍. രാഹുലിന്‍റെ 50-ാം ടി20 ഫിഫ്റ്റിയായിരുന്നു ഇത്. വിരാട് കോലി (75), രോഹിത് ശര്‍മ (69), ശിഖര്‍ ധവാന്‍ (63), ഗൗതം ഗംഭീര്‍ (53), സുരേഷ് റെയ്‌ന (51) എന്നിവരാണ് ഈ റെക്കോഡില്‍ രാഹുലിന് മുന്നിലുള്ളത്.