മുംബൈ: ഐപിഎല്ലിന്‍റെ 16ാം സീസണില്‍ മിന്നുന്ന തുടക്കമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിനായിരുന്നു ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസുമായിരുന്നു മുംബൈക്കെതിരെ സംഘത്തിന് വിജയം ഒരുക്കിയത്.
ഈ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങിയ ബാംഗ്ലൂരിനെ കാത്തിരുന്നത് 81 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയായിരുന്നു. കോലിയും ക്യാപ്റ്റന്‍ ഡുപ്ലെസിസും പരാജയപ്പെട്ട മത്സരത്തില്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് മികവിനൊത്ത് ഉയരാന്‍ കഴിയതിരുന്നതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നേടിയ 204 റണ്‍സിന് മറുപടിക്കിറങ്ങിയ ബാഗ്ലൂര്‍ 17.4 ഓവറില്‍ 123 റണ്‍സിന് പുറത്താവുകയായിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബാറ്റേഴ്‌സിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം വിരേന്ദർ സെവാഗ്. ബാറ്റിങ് നിരയില്‍ കോലിയേയും ഡുപ്ലെസിസിനേയും മാത്രം ആശ്രയിച്ച് ബാംഗ്ലൂരിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സെവാഗ് പറയുന്നത്.
'രണ്ട് കളിക്കാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഫാഫ് ഡു പ്ലെസിസും വിരാട് കോലിയും നന്നായി കളിച്ചാൽ മാത്രമേ ബാംഗ്ലൂര്‍ എന്നതാണ് നിലവിലെ സ്ഥിതി, അതുപോര. ഗ്ലെൻ മാക്‌സ്‌വെൽ സംഭാവന നൽകണം. ദിനേഷ് കാർത്തിക്കും സംഭാവന നല്‍കേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യവും അങ്ങനെത്തന്നെയാണ്'. - സെവാഗ് പറഞ്ഞു.
'ബാംഗ്ലൂരിന്‍റെ തോല്‍വി ഇപ്പോള്‍ സംഭവിച്ചത് നല്ലതാണെന്നും ടീമിന് ശക്തമായി തിരിച്ചെത്താന്‍ കഴിയുമെന്നും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലൂരിന് (ആർസിബി) കൊല്‍ക്കത്തയ്‌ക്ക് എതിരെ സംഭവിച്ചത് പോലെ ഈ ടൂർണമെന്‍റിൽ എല്ലാ ടീമുകൾക്കും സംഭവിക്കാവുന്നതാണ്. ഒരു ബാറ്റിങ് തകര്‍ച്ച എല്ലാവര്‍ക്കുമുണ്ടായേക്കും. അതാണ് ഐപിഎല്ലിന്‍റെ ചരിത്രം. ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് ഇതു സംഭവിച്ചത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്'.
'എട്ടോ - ഒമ്പതോ മത്സരങ്ങള്‍ക്ക് ശേഷമാണ് ഈ തോല്‍വിയെങ്കില്‍ മോശം റണ്‍റേറ്റ് കാരണം പോയിന്‍റ് ടേബിളില്‍ വലിയ വ്യത്യാസമുണ്ടാക്കിയേനെ. അങ്ങനെയാണെങ്കില്‍ ടൂര്‍ണമെന്‍റില്‍ മുന്നോട്ടുപോകാന്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുകയല്ലാതെ നിങ്ങൾക്ക് മുന്നില്‍ മറ്റൊരു മാര്‍ഗവും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർക്ക് ശക്തമായ തിരിച്ചുവരവിനുള്ള അവസരമുണ്ട്'. - സെവാഗ് പറഞ്ഞു.
മുംബൈക്കെതിരെ ബാംഗ്ലൂര്‍ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ 82 റൺസ് നേടി വിരാട് കോലി പുറത്താവാതെ നിന്നപ്പോള്‍ 73 റൺസായിരുന്നു ഫാഫ് ഡുപ്ലെസിസ് നേടിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 148 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്‌ക്ക് എതിരെ ഡുപ്ലെസിസ് 23 റണ്‍സുമായും കോലി 21 റണ്‍സുമായും തിരിച്ചുകയറി. മൈക്കൽ ബ്രേസ്‌വെൽ (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (5), ഹര്‍ഷല്‍ പട്ടേല്‍ (0), ഷഹ്‌ബാസ് അഹമ്മദ് (1), ദിനേശ് കാര്‍ത്തിക് (9), അനുജ് റാവത്ത് (1), കർൺ ശർമ്മ (1), ആകാശ് ദീപ് (17) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭവാന. ഡേവിഡ് വില്ലി (20) പുറത്താവാതെ നിന്നു.
ALSO READ: സഞ്‌ജു സാംസണ്‍ ഇന്ത്യയെ നയിക്കില്ലെന്ന് ആര്‍ക്കറിയാം; വമ്പന്‍ പ്രവചനവുമായി ഡിവില്ലിയേഴ്‌സ്