ബെംഗളൂരൂ : ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടിട്ടും ഐപിഎല്ലില്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാതെ വിഷമിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് തോറ്റ് തുടങ്ങിയ അവര്‍ക്ക് പിന്നീടുള്ള നാല് മത്സരങ്ങളിലും വിധി മാറ്റിയെഴുതാനായില്ല. ഇന്നലെ ചിന്നസ്വാമിയില്‍ ആര്‍സിബിയെ നേരിടാനിറങ്ങിയപ്പോഴും തോല്‍വി തന്നെയായിരുന്നു ഫലം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 175 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ വച്ചത്. അത് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കാകട്ടെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ടീം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് ഇതിന്‍റെ ഉത്തരവാദിത്തം എറ്റെടുക്കണമെന്ന അഭിപ്രായവുമായി മുന്‍ ഡല്‍ഹി താരം കൂടിയായ വിരേന്ദര്‍ സെവാഗ് രംഗത്തെത്തി.
'ഒരു മത്സരം തോറ്റാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ആ ടീമിന്‍റെ പരിശീലകന്‍ കൂടിയാണ്. പോണ്ടിങ് മികച്ച രീതിയില്‍ ഡല്‍ഹിയെ വിജയങ്ങളിലെത്തിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് കീഴിലായിരുന്നു ഐപിഎല്‍ ഫൈനല്‍ പോലും അവര്‍ കളിച്ചത്.
തുടര്‍ച്ചയായ സീസണുകളില്‍ പ്ലേ ഓഫില്‍ പോലും ഡല്‍ഹി കടന്നിട്ടുണ്ട്. അതിന്‍റെയെല്ലാം ക്രെഡിറ്റ് റിക്കി പോണ്ടിങ്ങിനായിരുന്നു. അതുപോലെ തന്നെയാണ് ഇതും, തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തവും അദ്ദേഹം തന്നെ ഏറ്റെടുക്കേണ്ടതുണ്ട്' - ക്രിക്‌ബസ് ഷോയില്‍ സെവാഗ് അഭിപ്രായപ്പെട്ടു.
'വിജയങ്ങളുടെ ക്രെഡിറ്റ് എടുത്ത് തോല്‍വിയുടെ പഴി മറ്റാരുടെയെങ്കിലും മേല്‍ ചാരാന്‍ ഇത് ഇന്ത്യന്‍ ടീമല്ല. ഒരു ഐപിഎല്‍ ടീമിന്‍റെ പ്രകടനങ്ങള്‍ക്ക് പിന്നില്‍ പരിശീലകന് വലിയ റോളൊന്നുമില്ല. എന്നാല്‍ മാനേജ്മെന്‍റിനും താരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്.
ഒരു ടീം നല്ല പ്രകടനം നടത്തിയാല്‍ മാത്രമേ പരിശീലകനും മികച്ചതായി കണക്കാക്കപ്പെടൂ. അതിന് ഡല്‍ഹിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഈ തിരിച്ചടികളില്‍ നിന്ന് എങ്ങനെ കരകയറണമെന്ന് അറിയാത്ത അവസ്ഥയിലേക്ക് ഇപ്പോള്‍ അവര്‍ എത്തിയിട്ടുണ്ട്' - സെവാഗ് പറഞ്ഞു.
ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ഡല്‍ഹി നിലവില്‍ ലീഗ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആതിഥേയര്‍ക്കായി വിരാട് കോലി അര്‍ധസെഞ്ച്വറി നേടിയിരുന്നു. മഹിപാല്‍ ലോംറോര്‍ (26) ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരും ആര്‍സിബിക്കായി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.
Also Read: ചിന്നസ്വാമിയിലെ പെരിയസ്വാമി; ഐപിഎല്ലില്‍ അപൂര്‍വ റെക്കോഡുമായി വിരാട് കോലി
മറുപടി ബാറ്റിങ്ങില്‍ അതിവേഗം ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട അവരെ വമ്പന്‍ തോല്‍വിയില്‍ രക്ഷപ്പെടുത്തിയത് മനീഷ് പാണ്ഡെയുടെ ബാറ്റിങ്ങാണ്. അഞ്ചാമനായി ക്രീസിലെത്തിയ മനീഷ് 38 പന്തില്‍ 50 റണ്‍സ് നേടിയാണ് പുറത്തായത്. ബാംഗ്ലൂരിനായി അരങ്ങേറ്റക്കാരന്‍ വൈശാഖ് വിജയ് കുമാര്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു.