അഹമ്മദാബാദ് : ഐപിഎല്ലില്‍ ഇന്ന് പാണ്ഡ്യ സഹോദരന്മാര്‍ നേര്‍ക്കുനേര്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നര മുതലാണ് ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഏറ്റുമുട്ടുന്ന മത്സരം. കെഎല്‍ രാഹുലിന്‍റെ അഭാവത്തില്‍ ക്രുണാല്‍ പാണ്ഡ്യക്ക് കീഴിലാണ് ലഖ്‌നൗ ഇന്ന് ഇറങ്ങുന്നത്.
ഇന്ന് ലഖ്‌നൗവിനെ വീഴ്‌ത്തിയാല്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. 10 മത്സരം പൂര്‍ത്തിയായപ്പോള്‍ 14 പോയിന്‍റാണ് അവര്‍ക്കുള്ളത്. പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ് ലഖ്‌നൗ.
10 കളികളില്‍ നിന്ന് 11 പോയിന്‍റാണ് ടീമിനുള്ളത്. സീസണില്‍ ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്ന രണ്ടാം മത്സരമാണിത്. ലഖ്‌നൗവില്‍ പോരടിച്ചപ്പോള്‍ കെഎല്‍ രാഹുലിനെയും സംഘത്തെയും വീഴ്‌ത്താന്‍ ഗുജറാത്തിനായി.
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത്: പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച അവര്‍ മിന്നും ഫോമിലാണ്. പ്രധാന താരങ്ങളെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവയ്ക്കുന്നതാണ് ടീമിന്‍റെ കരുത്ത്.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാകും ഗുജറാത്ത് ഇന്നിറങ്ങുക. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. നായകനൊപ്പം ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ.
വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള രാഹുല്‍ തെവാട്ടിയയുടെ ഫോമും ടീമിനെ കരുത്തുറ്റതാക്കുന്നു. മുഹമ്മദ് ഷമി നേതൃത്വം നല്‍കുന്ന പേസ് നിര ഏത് ബാറ്റിങ് യൂണിറ്റിനെയും എറിഞ്ഞിടാന്‍ കെല്‍പ്പുള്ളവരാണ്. റാഷിദ് ഖാന്‍ - നൂര്‍ അഹമ്മദ് സഖ്യത്തിന്‍റെ പ്രകടനവും ജിടിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
നിലനില്‍പ്പിനായി ലഖ്‌നൗ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ മികച്ച തുടക്കമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ലഭിച്ചത്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ ആ മികവ് തുടരാന്‍ അവര്‍ക്കായില്ല. അവസാനം കളിച്ച 5 മത്സരങ്ങളില്‍ രണ്ട് വീതം ജയവും തോല്‍വിയുമാണ് ടീമിനുള്ളത്. ചെന്നൈക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് ലഖ്‌നൗവിന് തലവേദന. രാഹുലിന്‍റെ അഭാവത്തില്‍ ക്വിന്‍റണ്‍ ഡി കോക്കിന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. അവസാന മത്സരത്തില്‍ കെയ്‌ല്‍ മെയേഴ്‌സിനൊപ്പം മനന്‍ വോറയായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. രാഹുലിന് പകരം ടീമിലേക്കെത്തിയ കരുണ്‍ നായര്‍ക്ക് ഇന്ന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
Also Read : IPL 2023 | 'അവന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ ഭാവി' ; മതീഷ പതിരണയെ പ്രശംസിച്ച് എംഎസ് ധോണി
പിച്ച് റിപ്പോര്‍ട്ട് : ഫാസ്റ്റ് ബോളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലുള്ളത്. 165 ആണ് ഇവിടുത്തെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍. അവസാനം ഇവിടെ നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ജയം പിടിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ഗുജറാത്ത് ലഖ്‌നൗ പോരാട്ടത്തില്‍ ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡ് ചെയ്യാനാണ് സാധ്യത.