ഡല്‍ഹി: ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് മോഹം നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്‌സ് ഇന്ന് ഇറങ്ങും. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ശിഖര്‍ ധവാന്‍റെയും സംഘത്തിന്‍റെയും എതിരളികള്‍. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ പഞ്ചാബ് കിങ്‌സിന് ഇന്ന് ജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ പഞ്ചാബ് 10 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ് നിലവില്‍. അതേസമയം, ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. 11 കളികളില്‍ നിന്നും നാല് ജയം മാത്രം നേടിയ ഡല്‍ഹിക്ക് നിലവില്‍ എട്ട് പോയിന്‍റാണ് ഉള്ളത്.
വഴിതെളിക്കാന്‍ പഞ്ചാബ്: തുടര്‍ തോല്‍വികളുമായാണ് പഞ്ചാബ് ഇന്ന് ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരോടായിരുന്നു പഞ്ചാബ് കഴിഞ്ഞ മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ശേഷമായിരുന്നു രണ്ട് മത്സരങ്ങളിലും അവര്‍ തോല്‍വി വഴങ്ങിയത്.
നായകന്‍ ശിഖര്‍ ധവാന്‍റെ ബാറ്റിങ്ങിനെയാണ് പഞ്ചാബ് അമിതമായി ആശ്രയിക്കുന്നത്. മറ്റ് താരങ്ങള്‍ ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താത്തത് ടീമിന് തിരിച്ചടിയാണ്. അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍ എന്നിവര്‍ റണ്‍സ് അടിച്ചുകൂട്ടുമന്നത് നിലവില്‍ ടീമിന് ആശ്വാസം.
വന്‍ തുക മുടക്കി ടീമിലെത്തിച്ച സാം കറന്‍ മികവിലേക്ക് ഉയരാത്തത് ടീമിന്‍റെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊന്നും ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങാന്‍ താരത്തിനായിരുന്നില്ല. ബൗളിങ്ങില്‍ അര്‍ഷ്‌ദീപ് സിങ്ങിലാണ് ടീമിന്‍റെ പ്രതീക്ഷ.
ടൂര്‍ണമെന്‍റില്‍ അഞ്ചോ അതില്‍ കൂടുതലോ ജയം നേടിയവരില്‍ ഏറ്റവും മോശം റണ്‍റേറ്റ് പഞ്ചാബ് കിങ്‌സിനാണ്. അതുകൊണ്ട് തന്നെ പ്ലേഓഫിലേക്ക് കുതിക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വമ്പന്‍ ജയമാണ് അവര്‍ക്ക് വേണ്ടത്.
നിലമെച്ചപ്പെടുത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്: പോയിന്‍റ് പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താനായിരിക്കും ഇനിയുള്ള മത്സരങ്ങളില്‍ ഡേവിഡ് വാര്‍ണറിന്‍റെയും സംഘത്തിന്‍റെയും ശ്രമം. പഞ്ചാബിനെതിരെ ഇന്നത്തേത് ഉള്‍പ്പടെ രണ്ട് മത്സരങ്ങളും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഒരു മത്സരവുമാണ് ഡല്‍ഹിക്ക് ഇനി ബാക്കിയുള്ളത്. ഇതിലെല്ലാം വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയാലും പ്ലേഓഫിലേക്ക് വിദൂര സാധ്യത മാത്രമാണ് ഡല്‍ഹിക്കുള്ളത്.
ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയാണ് ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ പഞ്ചാബിനെ നേരിടാനിറങ്ങുന്നത്. പ്രധാന ബാറ്റര്‍മാര്‍ കളിമറന്നാതായിരുന്നു ചെന്നൈക്കെതിരെ ഡല്‍ഹിക്ക് തിരിച്ചടിയായത്. ഡേവിഡ് വാര്‍ണര്‍, ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, അക്‌സര്‍ പട്ടേല്‍ എന്നിവരിലാണ് ഇന്ന് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ. ബൗളര്‍മാര്‍ തരക്കേടില്ലാതെ പന്തെറിയുന്നത് ഡല്‍ഹിക്ക് ആശ്വാസമാണ്.
പോരാട്ടം കണക്കില്‍: ഐപിഎല്‍ ചരിത്രത്തിലെ തുല്യശക്തികളാണ് ഡല്‍ഹിയും പഞ്ചാബും. ഇരു ടീമും ഇതുവരെ 30 മത്സരങ്ങളിലാണ് തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. അതില്‍ രണ്ട് ടീമും 15 വീതം ജയമാണ് സ്വന്തമാക്കിയിട്ടുള്ളത്.
Also Read : IPL 2023| 'ഉപ്പലില്‍ ആര് വെള്ളം കുടിക്കും'; ഹൈദരാബാദിനും ലഖ്‌നൗവിനും ഇന്ന് നിര്‍ണായകം