ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 203 റണ്‍സാണ് അടിച്ച് കൂട്ടിയത്. യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാനെ മികച്ച നിലയിലെത്തിച്ചത്.
വെടിക്കെട്ട് തുടക്കമായിരുന്നു ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന് നല്‍കിയത്. ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍, ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച യശസ്വി ഗിയര്‍മാറ്റി.
'അര്‍ധ സെഞ്ചുറി തികച്ച് ബട്‌ലര്‍': മൂന്നാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിനെതിരെ ബട്‌ലറും കത്തിക്കയറിയതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ കുതിച്ചു. ഒരു സിക്‌സും രണ്ട് ഫോറുകളും ഉള്‍പ്പെടെ 17 റണ്‍സാണ് ഈ ഓവറില്‍ ഭുവി വഴങ്ങിയത്. തുടര്‍ന്ന് പന്തെടുത്ത വാഷിങ്‌ടണ്‍ സുന്ദറിനേയും ഇരുവരും നിലത്ത് നിര്‍ത്തിയില്ല. ഈ ഓവറില്‍ രാജസ്ഥാന്‍ കണ്ടെത്തിയത് 19 റണ്‍സാണ്.
അഞ്ചാം ഓവര്‍ എറിഞ്ഞ ടി നടരാജനും അടി വാങ്ങി. നാല് ഫോറുകള്‍ ഉള്‍പ്പെടെ 17 റണ്‍സാണ് ബട്‌ലര്‍ നടരാജനെതിരെ കണ്ടെത്തിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫാറൂഖിയുടെ ആദ്യ പന്തിലും മൂന്നാം പന്തിലും ബൗണ്ടറിയടിച്ച ബട്‌ലര്‍ അര്‍ധ സെഞ്ചുറി തികച്ചു.
20 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറിയിലെത്തിയത്. നാലാം പന്തിലും ബട്‌ലര്‍ ബൗണ്ടറിയടിച്ചു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ബട്‌ലറെ വീഴ്‌ത്തിയ ഫാറൂഖി ഹൈദരാബാദിന് ആശ്വാസം നല്‍കി. 22 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സടിച്ചാണ് ബട്‌ലര്‍ മടങ്ങിയത്.
സഞ്‌ജു പുറത്തായത് 19ാം ഓവറില്‍: ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 85 റണ്‍സാണ് യശസ്വി ജയ്‌സ്വാളും ബട്‌ലറും ചേര്‍ന്ന് നേടിയത്. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. ടീമിന്‍റെ ഏറ്റവും വലിയ പവര്‍പ്ലേ സ്‌കോറാണിത്.
മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ആക്രമിച്ച് കളിച്ചതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ കുതിച്ചു. എട്ടാം ഓവറില്‍ സഞ്‌ജുവും ജയ്‌സ്വാളും ചേര്‍ന്ന് സംഘത്തെ നൂറ് കടത്തിയിരുന്നു. 13ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ജയ്‌സ്വാളിനെ വീഴ്‌ത്തിയ ഫാറൂഖിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
37 പന്തില്‍ ഒമ്പത് ഫോറുകള്‍ സഹിതം 54 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്. തുടര്‍ന്നെത്തിയ ദേവ്‌ദത്ത് പടിക്കല്‍ (5 പന്തില്‍ 2), റിയാന്‍ പരാഗ് (6 പന്തില്‍ 7) എന്നിവര്‍ നിരാശപ്പെടുത്തി. 19ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് സഞ്‌ജു പുറത്താവുന്നത്. നടരാജനെ സിക്‌സിന് പറത്താനുള്ള രാജസ്ഥാന്‍ ക്യാപ്റ്റന്‍റെ ശ്രമം അഭിഷേക് ശര്‍മയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
32 പന്തില്‍ മൂന്ന് ഫോറുകളും നാല് സിക്‌സുകളും സഹിതം 55 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഷിമ്രോൺ ഹെറ്റ്‌മെയർ (16 പന്തില്‍ 22), രവിചന്ദ്രൻ അശ്വിൻ (2 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖി, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്ക് ഒരു വിക്കറ്റും നേടി.