ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ അഞ്ച് തവണ ചാമ്പ്യന്മാരാണെങ്കിലും മികവിനൊത്ത പ്രകടനം നടത്താനാവാതെ വലയുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണില്‍ അവസാനക്കാരായി ഫിനിഷ് ചെയ്യേണ്ട മുംബൈക്ക് 16ാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഏഴ് വിക്കറ്റിന് തോല്‍വി വഴങ്ങിയ രോഹിത് ശര്‍മയും സംഘവും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിനാണ് കീഴടങ്ങിയത്.
പേരുകേട്ട ബാറ്റിങ് നിരയ്‌ക്ക് മികവിനൊത്ത് ഉയരാന്‍ കഴിയാത്തതും ബോളിങ് യൂണിറ്റിലെ പോരായ്‌മയുമാണ് മുംബൈയെ പിന്നിലാക്കുന്നത്. ഇപ്പോഴിതാ ടീമിന്‍റെ തോല്‍വിയിലെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ അഭാവം മുംബൈയുടെ പ്രകടനത്തെ ബാധിക്കുന്നതായാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്.
'കഴിഞ്ഞ സീസൺ മുതൽ ഇന്നുവരെയുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ പ്രശ്‌നം കൂട്ടുകെട്ടുകളുടെ അഭാവമാണ്. വലിയ കൂട്ടുകെട്ടുകൾ ഇല്ലെങ്കിൽ, നിങ്ങൾക്ക് വലിയ സ്‌കോറുകള്‍ നേടുന്നത് പ്രയാസമാണ്. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കുന്നതില്‍ അവര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്'.
'രോഹിത് ശർമയും ഇഷാൻ കിഷനും തമ്മിലുള്ള കൂട്ടുകെട്ടിൽ മുംബൈ ഇന്ത്യന്‍സ് അവരുടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടതായുണ്ട്. പക്ഷേ അവർ പരാജയപ്പെടുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്'. - ഗവാസ്‌കര്‍ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും രോഹിത് - ഇഷാന്‍ സഖ്യം പരാജയപ്പെട്ടിരുന്നു.
അതേസമയം, സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യന്‍സ് ഇന്ന് കളിക്കാന്‍ ഇറങ്ങുന്നുണ്ട്. ഡല്‍ഹിയുടെ തട്ടകമായ ഫിറോസ്ഷാ കോട്‌ലയിലാണ് മത്സരം നടക്കുന്നത്. ഡേവിഡ് വാര്‍ണര്‍ക്ക് കീഴില്‍ കളിക്കുന്ന ഡല്‍ഹിക്കും സീസണില്‍ ഇതേവരെ കാര്യമായ പ്രകടനം നടത്താന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കളിച്ച മൂന്ന് മത്സരങ്ങളും സംഘം തോല്‍വി വഴങ്ങിയിരുന്നു. കാര്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സ്ഥിരം നായകന്‍ റിഷഭ് പന്ത് ഐപിഎല്‍ സീസണില്‍ നിന്നും പുറത്തായതോടെയാണ് ഫ്രാഞ്ചൈസി ഡേവിഡ് വാര്‍ണര്‍ക്ക് ചുമതല നല്‍കിയത്. എന്നാല്‍, ഡല്‍ഹിയെ മികവിലേക്ക് നയിക്കാന്‍ കഴിയാത്ത ക്യാപ്റ്റന്‍സിക്കൊപ്പം തന്‍റെ ബാറ്റിങ്ങുമായി ബന്ധപ്പെട്ടും വാര്‍ണര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
താരത്തിന്‍റെ മെല്ലപ്പോക്കിനെതിരെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഓസ്‌ട്രേലിയയുടെ മുന്‍ ഓൾറൗണ്ടർ ടോം മൂഡിയും രംഗത്ത് എത്തിയത് ശ്രദ്ധേയമാണ്. കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വാര്‍ണര്‍ ഇനി ഐപിഎല്ലിനായി എത്തേണ്ടെന്നായിരുന്നു സെവാഗിന്‍റെ വാക്കുകള്‍.
25 പന്തില്‍ 50 റണ്‍സെങ്കിലും നേടാനാണ് വാര്‍ണര്‍ ശ്രമിക്കേണ്ടത്. കുറഞ്ഞ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്‌ത് ഡേവിഡ് വാര്‍ണര്‍ അന്‍പതോ അറുപതോ റണ്‍സ് നേടുന്നതിനേക്കാള്‍ 30 റണ്‍സെടുത്തില്‍ പുറത്തായാല്‍ തന്നെ ടീമിന് ഗുണം ചെയ്യുമെന്നുമായിരുന്നു താരത്തിന്‍റെ വാക്കുകള്‍. പവർപ്ലേ ഓവറുകളിൽ അതിവേഗത്തിൽ റൺസ് നേടുന്നത് ടീമിന് നിർണായകമാണെന്നായിരുന്നു ടോം മൂഡി പറഞ്ഞത്.
ALSO READ: IPL 2023 | 'തുരങ്കത്തിന്‍റെ അറ്റത്ത് വെളിച്ചമുണ്ടാകും'; സൂര്യയെ പിന്തുണച്ച് രവി ശാസ്‌ത്രി