ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ചരിത്ര ജയം സ്വന്തമാക്കിയെങ്കിലും സഞ്‌ജു സാംസണിന് തിരിച്ചടി. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ റോയല്‍സ് നായകന് ബിസിസിഐ പിഴയിട്ടു. 12 ലക്ഷം രൂപ പിഴയാണ് രാജസ്ഥാന്‍ നായകന് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് മത്സരശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലൂടെയാണ് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയത്.
സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ശിക്ഷിക്കപ്പെടുന്നത് ആദ്യമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു പിഴ ശിക്ഷ 12 ലക്ഷം രൂപ മാത്രമായത്. നേരത്തെ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസിനും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനായിരുന്നു ഡുപ്ലെസിസിന് ഫൈന്‍ നല്‍കേണ്ടി വന്നത്. അതേ മത്സരത്തിലെ വിജയാഘോഷത്തിനിടെ നടത്തിയ പെരുമാറ്റത്തിന് ലഖ്‌നൗ താരം ആവേശ് ഖാനെതിരെയും ബിസിസിഐ നടപടി സ്വീകരിച്ചിരുന്നു. ആര്‍സിബിക്കെതിരെ വിജയ റണ്‍ ഓടിയെടുത്ത ആവേശ് ഖാന്‍ ഹെല്‍മറ്റ് ഊരി തറയില്‍ വലിച്ചെറിയുകയായിരുന്നു.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ജയം സ്വന്തമാക്കിയത്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റോയല്‍സ് ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകരായ രാജസ്ഥാന്‍ 175 റണ്‍സാണ് നേടിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അവര്‍ക്ക് എട്ട് വിക്കറ്റ് നഷ്‌ടമായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ജോസ് ബട്‌ലര്‍ ആയിരുന്നു മത്സരത്തില്‍ രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍ ആയത്. മത്സരത്തില്‍ 36 പന്ത് കളിച്ച ബട്‌ലര്‍ 52 റണ്‍സാണ് അടിച്ചെടുത്തത്.
മൂന്നാമനായി ക്രീസിലെത്തിയ ദേവ്‌ദത്ത് പടിക്കല്‍ 38, രവിചന്ദ്ര അശ്വിന്‍ (30), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരും രാജസ്ഥാന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിലെ ഹെറ്റ്‌മെയറിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് റോയല്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്കായി ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ച്വറി നേടി. രഹാനെയും ആതിഥേയര്‍ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 19 പന്ത് നേരിട്ട രഹാനെ 31 റണ്‍സ് നേടിയായിരുന്നു മത്സരത്തില്‍ പുറത്തായത്.
ശിവം ദുബെ, മൊയീന്‍ അലി, അമ്പാട്ടി റായിഡു എന്നിവര്‍ അതിവേഗം മടങ്ങിയതാണ് മത്സരത്തില്‍ ചെന്നൈക്ക് തിരിച്ചടിയായത്. അവസാന ഓവറുകളില്‍ നായകന്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയും പൊരുതിയെങ്കിലും ചെന്നൈക്ക് ജയത്തിലേക്ക് എത്താനായില്ല. ചെന്നൈക്കെതിരായ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ലഖ്‌നൗവിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്.