മൊഹാലി : കളിക്കാരന്‍റെ പ്രശസ്തി എന്തുതന്നെയായാലും കമന്‍ററിക്കിടെ വിമര്‍ശിക്കുമ്പോള്‍ വാക്കുകള്‍ മയപ്പെടുത്തുന്ന പ്രകൃതക്കാരനല്ല ന്യൂസിലൻഡ് മുന്‍ പേസര്‍ സൈമൺ ഡൗള്‍. മുമ്പ് ബാബർ അസമിനെയും പിന്നീട് വിരാട് കോലിയെയും പോലുള്ള മുൻനിര കളിക്കാരെ കടുത്ത രീതിയില്‍ വിമര്‍ശിച്ച സൈമൺ ഡൗളിന്‍റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പഞ്ചാബ് കിങ്‌സിന്‍റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്‌ക്ക് എതിരെയാണ് ഡൗള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഐപിഎല്ലില്‍ വെള്ളിയാഴ്‌ച ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിൽ എക്‌സ്‌പ്രസ് പേസർ രണ്ട് നോ-ബോളുകൾ എറിഞ്ഞതിനെ കമന്‍ററിലുണ്ടായിരുന്ന സൈമൺ ഡൗള്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കാഗിസോ റബാഡ നോ-ബോളുകൾ എറിയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കിവീസിന്‍റെ മുന്‍ പേസര്‍ പറഞ്ഞത്.
"ഇത് അസ്വീകാര്യമായ പെരുമാറ്റമാണ്. നിങ്ങളൊരു അന്താരാഷ്‌ട്ര ബോളറാണ്. എല്ലായ്‌പ്പോഴും തന്‍റെ കാലുകള്‍ ഏറെ മുന്നോട്ട് വയ്‌ക്കുകയാണ് അവന്‍ ചെയ്യുന്നത്. സ്‌റ്റംപിന് ഏറെ പിറകില്‍ നിന്നാണെങ്കില്‍ പോലും ചെറിയ വ്യത്യാസത്തില്‍ മാത്രമാണ് നോ-ബോള്‍ അല്ലാതാവുന്നത്" - ഡൗൾ പറഞ്ഞു.
ഐപിഎല്ലില്‍ നേരത്തെ വിരാട് കോലിയെയായിരുന്നു ഡൗള്‍ വിമര്‍ശിച്ചത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു കോലിയെ സൈമണ്‍ ഡൗള്‍ കടന്നാക്രമിച്ചത്. ബാറ്റ് ചെയ്യുന്നതിനിടെ വ്യക്തിഗത നേട്ടത്തിലേക്കെത്തുന്നതിനെ കുറിച്ച് കോലിക്ക് ആശങ്കയുണ്ടെന്നായിരുന്നു സൈമണ്‍ ഡൗള്‍ പറഞ്ഞിരുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോലി തുടക്കം തൊട്ട് ആക്രമിച്ചായിരുന്നു കളിച്ചിരുന്നത്. പവര്‍ പ്ലേയില്‍ 25 പന്തുകളില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളുമായി 42 റണ്‍സായിരുന്നു താരം നേടിയിരുന്നത്. എന്നാല്‍ 35 പന്തില്‍ നിന്നായിരുന്നു താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഡൗള്‍ വിമര്‍ശനം ഉയര്‍ത്തിയത്. "വിരാട് കോലി ഇന്നിങ്‌സ് തുടങ്ങിയത് ഒരു ട്രെയിനിന്‍റെ വേഗത്തിലാണ്. മികച്ച ധാരാളം ഷോട്ടുകളും കളിച്ചു. പക്ഷേ, ആദ്യത്തെ 25 പന്തുകളില്‍ നിന്നും 42 റണ്‍സ് നേടിയ താരത്തിന് അടുത്ത ഏട്ട് റണ്‍സ് നേടുന്നതിനായി 10 പന്തുകളാണ് വേണ്ടി വന്നത്.
ഒരു നാഴികക്കല്ലിലേക്ക് എത്തുന്നതിനെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ മത്സരത്തില്‍ അത്തരം ചിന്തകള്‍ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പത്തുവിക്കറ്റുകള്‍ കയ്യിലിരിക്കെ ആക്രമണം കടുപ്പിക്കുകയാണ് വേണ്ടത്" എന്നായിരുന്നു ഡൗള്‍ പറഞ്ഞത്.
ഡൗളിന്‍റെ വാക്കുകള്‍ക്കെതിരെ പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് രംഗത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു. ഡൗളിന്‍റെ ഇത്തരം വിമര്‍ശനങ്ങള്‍ ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്നും പാകിസ്ഥാനിലായിരുന്നപ്പോള്‍ ബാബര്‍ അസമിനെക്കുറിച്ചും സമാന വിമര്‍ശനം നടത്തിയിട്ടുണ്ടെന്നുമായിരുന്നു സല്‍മാന്‍ ബട്ടിന്‍റെ വാക്കുകള്‍.
ALSO READ: 'മറ്റുള്ളവരെ കുറ്റം പറയുന്നതെന്തിന്'? ; വാര്‍ണര്‍ ഒന്ന് 'കണ്ണാടിയില്‍ നോക്കണ'മെന്ന് ഹര്‍ഭജന്‍ സിങ്
കോലിക്കെതിരെ ഇത്തരം ഒരു വിമര്‍ശനത്തിന്, മത്സരം ബോധപൂർവം കണ്ടിരുന്നുവെങ്കില്‍ സാധ്യതയുണ്ടാവില്ലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75 സെഞ്ചുറികളുള്ള കോലി കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്. താരത്തിന് ആരോടും ഒന്നും തെളിയിക്കേണ്ടതില്ലെന്നും പറഞ്ഞാണ് സല്‍മാന്‍ ബട്ട് തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.