ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 20-ാം മത്സരമാണിത്.
സീസണിലെ ആദ്യ വിജയമാണ് തങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. മിച്ചല്‍ മാര്‍ഷ് പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ റോവ്‌മാന്‍ പവലാണ് പുറത്തായത്. വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് മാര്‍ഷിന് ടീമിന്‍റെ കഴിഞ്ഞ മത്സരം നഷ്‌ടമായത്.
ടോസ് കിട്ടിയാല്‍ ബോളിങ് തന്നെയാവും തങ്ങളും തെരഞ്ഞെടുക്കുകയെന്ന് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ബാംഗ്ലൂരും മാറ്റം വരുത്തിയിട്ടുണ്ട്. വാനിന്ദു ഹസരംഗയ്‌ക്ക് ഡേവിഡ് വില്ലിയാണ് വഴിയൊരുക്കിയത്. വൈശാഖ് വിജയകുമാർ ടീമിനായി ഐപിഎല്‍ അരങ്ങേറ്റം നടത്തും.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, യാഷ് ദുൽ, മനീഷ് പാണ്ഡെ, അക്‌സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, ലളിത് യാദവ്, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്‌തഫിസുർ റഹ്മാൻ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, വെയ്ൻ പാർനെൽ, മുഹമ്മദ് സിറാജ്, വിജയകുമാർ വൈശാഖ്.
ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കളിച്ച നാല് മത്സരങ്ങിലും തോല്‍വി വഴങ്ങിയ ഡല്‍ഹി പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ഇതോടെ സീസണിലെ ആദ്യ വിജയമാണ് ഡേവിഡ് വാര്‍ണറും സംഘവും ബാംഗ്ലൂരിനെതിരെ ലക്ഷ്യം വയ്‌ക്കുന്നത്.
മറുവശത്ത് സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് തുടങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടര്‍ന്ന് കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയിരുന്നു. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഫാഫ് ഡുപ്ലെസിന്‍റെ ടീമുള്ളത്. ഇതോടെ ഡല്‍ഹിയെ തുടര്‍തോല്‍വികളിലേക്ക് തള്ളിവിട്ട് വിജയ വഴിയില്‍ തിരിച്ചെത്താനാവും ബാംഗ്ലൂരിന്‍റെ ശ്രമം.
മുന്‍കണക്ക്: ഐപിഎല്ലില്‍ ഇതേവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മേല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വ്യക്തമായ ആധിപത്യമുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഇതേവരെ 28 തവണയാണ് ബാംഗ്ലൂര്‍-ഡല്‍ഹി ടീമുകള്‍ നേര്‍ക്കുനേരെത്തിയത്. ഇതില്‍ 18 മത്സരങ്ങളിലും ബാംഗ്ലൂര്‍ ജയിച്ച് കയറിയപ്പോള്‍ 10 കളികളാണ് ഡല്‍ഹിക്കൊപ്പം നിന്നത്.
മത്സരം കാണാനാള്ള വഴി: ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം കാണാന്‍ കഴിയുക. ജിയോ സിനിമ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെയും ഈ മത്സരത്തിന്‍റെ തത്സമയ സ്ട്രീമിങ്ങുണ്ട്.