ബെംഗളൂരു : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 175 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. 34 പന്തില്‍ 50 റണ്‍സാണ് കോലി നേടിയത്.
ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു ബാംഗ്ലൂരിന് നല്‍കിയത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സായിരുന്നു സംഘത്തിന് നേടാന്‍ കഴിഞ്ഞത്. അഞ്ചാം ഓവറിന്റെ നാലാം പന്തിലാണ് ഡുപ്ലെസിസ് മടങ്ങുന്നത്. 16 പന്തില്‍ 22 റണ്‍സെടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റനെ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ അമൻ ഹക്കിം ഖാൻ ഒരു തകര്‍പ്പന്‍ ഒറ്റക്കയ്യന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്.
ഒന്നാം വിക്കറ്റില്‍ 42 റണ്‍സാണ് കോലി-ഡുപ്ലെസിസ് സഖ്യം ചേര്‍ത്തത്. തുടര്‍ന്നെത്തിയ മഹിപാൽ ലോംറോറിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ പോയിന്റില്‍ മനീഷ് പാണ്ഡെ കൈവിട്ടത് ബാംഗ്ലൂരിന് അശ്വാസമായി. മഹിപാൽ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ കോലിയാണ് ബാംഗ്ലൂര്‍ ഇന്നിങ്സ് മുന്നോട്ട് നയിച്ചത്. എന്നാല്‍ അര്‍ധ സെഞ്ചുറി തികച്ചതിന് തൊട്ടടുത്ത പന്തില്‍ കോലിയെ സംഘത്തിന് നഷ്ടമായി.
ലളിത് യാദവിന്റെ ഫുള്‍ടോസില്‍ സിക്സര്‍ നേടാനുള്ള കോലിയുടെ ശ്രമം ഡീപ് മിഡ്വിക്കറ്റില് യാഷ് ദുളിന്റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ആറ് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ സമയം 10.1 ഓവറില്‍ രണ്ടിന് 89 റണ്‍സായിരുന്നു ടീം ടോട്ടലില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്നെത്തിയ ഗ്ലെൻ മാക്സ്വെൽ തുടക്കം തന്നെ തകര്‍ത്തടിച്ചതോടെ ഈ ഓവറില്‍ തന്നെ ബാംഗ്ലൂര്‍ നൂറ് റണ്‍സ് കടന്നു. പക്ഷേ അധികം വൈകാതെ മഹിപാലിനെ (18 പന്തില്‍ 26) സംഘത്തിന് നഷ്ടമായി. മാര്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറല്‍ പിടികൂടിയായിരുന്നു താരത്തിന്റെ മടക്കം.
പിന്നീടെത്തിയ ഹര്‍ഷല്‍ പട്ടേല്‍ നിരാശപ്പെടുത്തി. നാല് പന്തില്‍ ആറ് റണ്‍സെടുത്ത ഹര്‍ഷലിനെ അക്സര്‍ പട്ടേലാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറിന്റെ ആദ്യ രണ്ട് പന്തുകളില്‍ മാക്സ്വെല്ലിനേയും ദിനേശ് കാര്‍ത്തിക്കിനെയും മടക്കിയ കുല്‍ദീപ് യാദവ് ബാംഗ്ലൂരിന് ഇരട്ട പ്രഹരം നല്കി. 14 പന്തില്‍ 24 റണ്‍സെടുത്ത മാക്സ്വെല്ലിനെ ഡേവിഡ് വാര്‍ണറും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന കാര്‍ത്തിക്കിനെ ലളിത് യാദവുമാണ് പിടികൂടിയത്. ഈ സമയം 14.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സായിരുന്നു ബാംഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് പിരിയാതിരുന്ന ഷഹബാസ് അഹമ്മദ് (12 പന്തില്‍ 20)- അനൂജ് റാവത്ത് (22 പന്തില്‍ 15) കൂട്ടുകെട്ടാണ് ടീമിനെ മാന്യമായ നിലയിലെത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കുല്‍ദീപ് യാദവ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ലളിത് യാദവ്, മുസ്തഫിസുർ റഹ്മാൻ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, യാഷ് ദുൽ, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, ലളിത് യാദവ്, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പര്‍), കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്തഫിസുർ റഹ്മാൻ.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലെയിങ് ഇലവൻ) : വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്സ്വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, വെയ്ൻ പാർനെൽ, മുഹമ്മദ് സിറാജ്, വിജയകുമാർ വൈശാഖ്.