ഗുവാഹത്തി : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാൻ സിങ് എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
56 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സും സഹിതം 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശിഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 60 റണ്‍സാണ് പ്രഭ്‌സിമ്രാന്‍റെ സമ്പാദ്യം. ബാറ്റര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്ന ഗുവാഹത്തിയിലെ പിച്ചില്‍ മികച്ച തുടക്കമായിരുന്നു പഞ്ചാബിന് ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാനും ശിഖര്‍ ധവാനും നല്‍കിയത്.
പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സായിരുന്നു പഞ്ചാബ് നേടിയത്. പ്രഭ്‌സിമ്രാനായിരുന്നു കൂടുതല്‍ അപകടകാരി. പവര്‍ പ്ലേയിലെ അവസാന ഓവറിലെ അവസാന പന്തില്‍ പ്രഭ്‌സിമ്രാനെ പിടികൂടാനുള്ള അവസരം ദേവ്‌ദത്ത് പടിക്കല്‍ പാഴാക്കിയത് രാജസ്ഥാന് തിരിച്ചടിയായി. വൈകാതെ തന്നെ 28 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച പ്രഭ്‌സിമ്രാന്‍ കത്തിക്കയറി.
ഒടുവില്‍ 10ാം ഓവറിന്‍റെ നാലാം പന്തില്‍ പ്രഭ്‌സിമ്രാനെ പുറത്താക്കിയ ജേസണ്‍ ഹോള്‍ഡറാണ് രാജസ്ഥാന് ആശ്വാസം നല്‍കിയത്. ഹോള്‍ഡറെ അതിര്‍ത്തി കടത്താനുള്ള പഞ്ചാബ് ഓപ്പണറുടെ ശ്രമം ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 90 റണ്‍സാണ് പ്രഭ്‌സിമ്രാന്‍-ധവാന്‍ സഖ്യം ചേര്‍ത്തത്.
പ്രഭ്‌സിമ്രാന്‍ മടങ്ങിയതോടെയാണ് ധവാന്‍ ആക്രമണത്തിന്‍റെ ചുമതല ഏറ്റെടുത്തത്. മൂന്നാമന്‍ ഭാനുക രജപക്‌സെ (ഒരു പന്തില്‍ ഒന്ന്) റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ച പഞ്ചാബ് നായകന്‍ ടീമിനെ മുന്നോട്ട് നയിച്ചു. 16 പന്തില്‍ 27 റണ്‍സെടുത്ത ജിതേഷ് ശര്‍മയെ റിയാന്‍ പരാഗിന്‍റെ കയ്യിലെത്തിച്ച് യുസ്‌വേന്ദ്ര ചാഹല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടര്‍ന്നെത്തിയ സിക്കന്ദർ റാസ (2 പന്തില്‍ 1), ഷാരൂഖ് ഖാൻ (10 പന്തില്‍ 11) എന്നിവര്‍ നിരാശപ്പെടുത്തി. റാസയെ ആര്‍ അശ്വിന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഷാരൂഖ് ഖാനെ ഹോള്‍ഡറുടെ പന്തില്‍ ബട്‌ലര്‍ പിടികൂടുകയായിരുന്നു. ധവാനൊപ്പം സാം കറനും (2 പന്തില്‍ 1) പുറത്താവാതെ നിന്നു. രാജസ്ഥാനായി ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
രാജസ്ഥാൻ റോയൽസ് (പ്ലെയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
രാജസ്ഥാൻ റോയൽസ് സബ്‌സ്: ധ്രുവ് ജുറെൽ, ആകാശ് വസിഷ്‌ഠ്, മുരുകൻ അശ്വിൻ, കുൽദീപ് യാദവ്, ഡോൺവോൺ ഫെറിയർ.
പഞ്ചാബ് കിങ്‌സ് (പ്ലെയിങ് ഇലവൻ): ശിഖർ ധവാൻ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാൻ സിങ്, ഭാനുക രജപക്‌സെ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, സാം കറൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.
പഞ്ചാബ് കിങ്‌സ് സബ്‌സ്: ഋഷി ധവാൻ, അഥർവ ടൈഡെ, ഹർപ്രീത് സിംഗ് ഭാട്ടിയ, മാത്യു ഷോർട്ട്, മോഹിത് റാത്തി.