മൊഹാലി : ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സിന്‍റെ വിജയമാണ് പഞ്ചാബ് കിങ്‌സ് നേടിയത്. മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചത്.
പഞ്ചാബ് നേടിയ 191 റണ്‍സിന് മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 16 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നില്‍ക്കേയാണ് മഴ പെയ്‌തത്. മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്‌ക്ക് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ മന്‍ദീപ് സിങ്, അനുകൂല്‍ റോയ് എന്നിവരെ സംഘത്തിന് നഷ്‌ടമായി.
ആര്‍ഷ്‌ദീപ് സിങ്ങാണ് കൊല്‍ക്കത്തയ്‌ക്ക് ഇരട്ട പ്രഹരം നല്‍കിയത്. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത മന്‍ദീപിനെ സാം കറനും അഞ്ച് പന്തില്‍ നാല് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ അനുകൂലിനെ സിക്കന്ദര്‍ റാസയുമാണ് പിടി കൂടിയത്. പിന്നാലെ റഹ്‌മാനുള്ള ഗുര്‍ബാസും മടങ്ങിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി.
16 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസിനെ നഥാന്‍ എല്ലിസ് ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഇംപാക്റ്റ് പ്ലെയറായ വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ നിതീഷ് റാണയും സംഘത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ റാണയെ പുറത്താക്കിയ സിക്കന്ദര്‍ റാസ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. 17 പന്തില്‍ നിന്ന് മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 24 റണ്‍സാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ നേടിയത്.
നാലാം വിക്കറ്റില്‍ വെങ്കടേഷ് അയ്യര്‍ - നിതീഷ് റാണ സഖ്യം 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ റിങ്കു സിങ്ങ് (4 പന്തില്‍ 4) വേഗം മടങ്ങിയതോടെ കൊല്‍ക്കത്ത കൂടുതല്‍ പ്രതിരോധത്തിലായി. ഈ സമയം 10.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 80 റണ്‍സായിരുന്നു ടീം ടോട്ടലിലുണ്ടായിരുന്നത്. എന്നാല്‍ തുടര്‍ന്നെത്തിയ ആന്ദ്രേ റസ്സല്‍ തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ കൊല്‍ക്കത്ത ഇന്നിങ്‌സിന് ജീവന്‍ വച്ചു.
വെങ്കടേഷ് അയ്യരും ഒപ്പം പിടിച്ചതോടെ സംഘത്തിന്‍റെ സ്‌കോര്‍ കുതിച്ചു. പക്ഷേ 15-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ റസ്സലിനെ വീഴ്‌ത്തിയ സാം കറന്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. 19 പന്തില്‍ നിന്ന് മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 35 റണ്‍സായിരുന്നു വിന്‍ഡീസ് താരം നേടിയത്.
ALSO READ: IPL 2023 : ഏറ്റവും മികച്ച പങ്കാളി, വിരാട് കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം ശിഖര്‍ ധവാന്‍
അറാം വിക്കറ്റില്‍ വെങ്കടേഷ് - റസ്സല്‍ സഖ്യം 50 റണ്‍സ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത ഓവറില്‍ വെങ്കടേഷിനെയും സംഘത്തിന് നഷ്‌ടമായി. 28 പന്തില്‍ 38 റണ്‍സെടുത്താണ് വെങ്കടേഷ് മടങ്ങിയത്. തുടര്‍ന്ന് ഒന്നിച്ച ശാര്‍ദുല്‍ താക്കൂര്‍ (3 പന്തില്‍ 8*), സുനില്‍ നരെയ്‌ന്‍ (2 പന്തില്‍ 7*) എന്നിവര്‍ ക്രീസില്‍ നില്‍ക്കെയാണ് മഴ കളി മുടക്കിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സാം കറന്‍, നഥാന്‍ എല്ലിസ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 191 റണ്‍സ് എടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഭാനുക രജപക്‌സെയുടെ പ്രകടനമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. 32 പന്തില്‍ 50 റണ്‍സാണ് ഭാനുക രജപക്‌സെ നേടിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (29 പന്തില്‍ 40), പ്രഭ്‌സിമ്രാന്‍ സിങ് (12 പന്തില്‍ 23), സാം കറന്‍ (17 പന്തില്‍ 26*), എന്നിവരും തിളങ്ങി.കൊല്‍ക്കത്തയ്‌ക്കായി ടിം സൗത്തി രണ്ട് വിക്കറ്റുകള്‍ നേടി. സുനില്‍ നരെയ്‌ന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.