ലഖ്‌നൗ : ഐപിഎല്ലിന്‍റെ പതിനാറാം പതിപ്പില്‍ ആറാം മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് തോറ്റിട്ടും പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. 8 പോയിന്‍റുള്ള റോയല്‍സ് നെറ്റ് റണ്‍റേറ്റിന്‍റെ ബലത്തിലാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.രണ്ടാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും എട്ട് പോയിന്‍റായി.
എന്നാല്‍ സഞ്‌ജുവിനും സംഘത്തിനും 1.043 ആണ് നെറ്റ് റണ്‍റേറ്റ്. ലഖ്‌നൗവിനാകട്ടെ 0.709 ഉം. ഈ രണ്ട് ടീമുകള്‍ക്ക് മാത്രമാണ് നിലവില്‍ എട്ട് പോയിന്‍റുള്ളത്.
മൂന്ന് മുതല്‍ ആറ് വരെ സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ക്ക് ആറ് പോയിന്‍റാണ് ഉള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് യഥാക്രമം 3-6 സ്ഥാനങ്ങളില്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് നാല് പോയിന്‍റാണ് ഉള്ളത്. 7, 8, 9 എന്നിങ്ങനെയാണ് ഇവര്‍ പോയിന്‍റ് പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. അവസാന സ്ഥാനത്ത് ഇതുവരെ ഒരു മത്സരവും ജയിക്കാന്‍ സാധിക്കാത്ത ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്.
റണ്‍വേട്ടയില്‍ ഫാഫ് ഡുപ്ലെസിസ് : ഐപിഎല്‍ 2023ലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ ഒന്നാം സ്ഥാനം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ആണ്. 5 മത്സരങ്ങള്‍ കളിച്ച താരം 64.75 ശരാശരിയില്‍ 259 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. 172.66 പ്രഹരശേഷിയില്‍ ബാറ്റ് വീശുന്ന ആര്‍സിബി നായകന്‍ 20 ഫോറുകളും 18 സിക്‌സറുകളും സ്വന്തമാക്കിയിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറാണ് പട്ടികയിലെ രണ്ടാമന്‍. ആറ് മത്സരങ്ങള്‍ കളിച്ച ബട്‌ലര്‍ ഇതുവരെ 244 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. വെങ്കിടേഷ് അയ്യര്‍ (234), ശിഖര്‍ ധവാന്‍ (233), ശുഭ്‌മാന്‍ ഗില്‍ (228) എന്നിവരാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങള്‍. വിരാട് കോലി (220) ഏഴാം സ്ഥാനത്തും, കെഎല്‍ രാഹുല്‍ (194) 11-ാം സ്ഥാനത്തും സഞ്‌ജു സാംസണ്‍ (159) നിലവില്‍ 20-ാം സ്ഥാനത്തുമാണ് പട്ടികയില്‍.
പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡര്‍ മാര്‍ക്ക് വുഡ് : ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡാണ്. നാല് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ വുഡ് 11 വിക്കറ്റുകളാണ് ഇതുവരെ എറിഞ്ഞുവീഴ്‌ത്തിയിട്ടുള്ളത്. അത്ര തന്നെ വിക്കറ്റുകളുള്ള രാജസ്ഥാന്‍റെ യുസ്‌വേന്ദ്ര ചാഹല്‍, ഗുജറാത്ത് ടൈറ്റന്‍സ് താരം റാഷിദ് ഖാന്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മുഹമ്മദ് ഷമി, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഇരുവരും പത്ത് വിക്കറ്റുകളാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.