ലഖ്‌നൗ: ഐപിഎൽ പതിനാറാം പതിപ്പിൽ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഇന്നിറങ്ങും. അവസാന മത്സരത്തിലെ തോൽവി മറക്കാൻ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസ് ആണ് കെ എൽ രാഹുലിന്‍റെയും സംഘത്തിന്‍റെയും എതിരാളികൾ. ലഖ്‌നൗ ഏകന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈകുന്നേരം 3.30നാണ് ആരംഭിക്കുന്നത്.
എട്ട് പോയിന്‍റുള്ള ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് നിലവിൽ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് ആറുപോയിന്‍റുമായി നാലാമതും.
ലഖ്‌നൗവിന് ജയം തുടരണം: അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ ഇന്നിറങ്ങുന്നത്. ബൗളർമാരുടെ കരുത്തിലായിരുന്നു ഈ ജയം. ഹോം ഗ്രൗണ്ടിൽ പേസർ ആവേശ് ഖാൻ താളം കണ്ടെത്തിയത് ടീമിന് ആശ്വാസം.
അസുഖബാധിതനായ മാർക്ക് വുഡിന്‍റെ ഫിറ്റ്‌നസ് ചെറിയ തലവേദന സൃഷ്‌ടിക്കുമ്പോഴും പകരക്കാരനായി അവസാന മത്സരം കളിച്ച നവീൻ ഉല്‍ ഹഖിന്‍റെ പ്രകടനം ആതിഥേയർക്ക് പ്രതീക്ഷയാണ്. നായകൻ കെ എൽ രാഹുലിന്‍റെ ബാറ്റിങ്ങിലെ മെല്ലെപോക്കും മറ്റ് ബാറ്റർമാർ സ്ഥിരത പുലർത്താത്തതുമാണ് നിലവിൽ ടീം നേരിടുന്ന പ്രശ്‌നം. ഇന്ത്യൻ താരം ദീപക് ഹൂഡയും ഇതുവരെ മികവിലേക്ക് ഉയർന്നിട്ടില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നുവെന്ന ആനുകൂല്യം പരമാവധി മുതലെടുത്ത് ഗുജറാത്തിനെതിരെ ജയം പിടിക്കാനാകും ഇന്ന് ലഖ്‌നൗവിന്‍റെ ശ്രമം.
കരുത്ത് കാട്ടാന്‍ ഗുജറാത്ത്: ടൂർണമെന്‍റില്‍ മികച്ച തുടക്കമാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന് ലഭിച്ചത്. എന്നാൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രം നേടാനാണ് അവർക്കായത്. ബാറ്റിങ്ങിൽ ടീമിന് കാര്യമായ വെല്ലുവിളികളൊന്നും ഇല്ല.
ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ എന്നിവർ നല്ല രീതിയിൽ സ്കോർ ചെയ്യുന്നുണ്ട്. അവസരത്തിനൊത്ത് ഉയരുന്ന വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനവും ടീമിന് ആശ്വാസം. നായകൻ ഹാർദിക് പണ്ഡ്യക്ക് മികവിലേക്ക് ഉയരാനായിട്ടില്ല.
റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ എന്നിവരുടെ ഓൾറൗണ്ട് മികവും ടൈറ്റൻസിന്‍റെ ശക്തിയാണ്. ബൗളർമാർ മികവ് കാട്ടുന്നുണ്ടെങ്കിലും മികച്ച സ്കോറുകൾ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുന്നത് ടീമിന് തലവേദനയാണ്. ഇതുവരെ കളിച്ചതില്‍ ആദ്യം ബാറ്റ് ചെയ്‌ത രണ്ട് മത്സരങ്ങളിലാണ് ടീം തോൽവി വഴങ്ങിയത്.
നേര്‍ക്കുനേര്‍ ചരിത്രം: ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം നടത്തിയ ടീമുകളാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഗുജറാത്ത് ടൈറ്റന്‍സും. ആദ്യ സീസണില്‍ രണ്ട് തവണ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അതില്‍ രണ്ടിലും ജയം പിടിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ്.
പിച്ച് റിപ്പോർട്ട്: ബോളര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് ഏകന സ്റ്റേഡിയത്തിലേത്. മത്സരം പുരോഗമിക്കും തോറും ഇവിടുത്തെ ബാറ്റിങ് ദുഷ്‌കരമായിക്കൊണ്ടിരിക്കും. അതുകൊണ്ട് ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത.
Also Read: IPL 2023 | 'വിക്കറ്റിന് പിന്നിലെ മായാജാലക്കാരന്‍'; ഐപില്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി 'തല' ധോണി