ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 63-ാം മത്സരമാണിത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
പിച്ചിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തങ്ങള്‍ക്ക് അറിയാവുന്നതിനാലാണ് ബോളിങ് തെരഞ്ഞെടുത്തതെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. വിക്കറ്റ് നല്ലതാണെന്ന് തോന്നുന്നു. പക്ഷേ അത് എങ്ങനെ പെരുമാറുമെന്ന് ഉറപ്പില്ല. അതിനാൽ ഞങ്ങൾക്ക് മുന്നിൽ ഒരു സ്കോർ ഉണ്ടായിരിക്കുന്നതാണ് നല്ലത്.
വെല്ലുവിളി നേരിടാൻ ഞങ്ങൾ തയ്യാറാണ്. സീമർമാർ പോലും ഇവിടെ വളരെ ഫലപ്രദമാണ്. അതിനാൽ നാല് സീമർമാരും രണ്ട് സ്‌പിന്നർമാരുമുണ്ട്. ഓരോ കളിയും പ്രധാനമാണ്, ഒരു പ്രത്യേക ദിവസം ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയുമെന്നും രോഹിത് ശര്‍മ പറഞ്ഞു. ഒരു മാറ്റവുമായാണ് മുംബൈ കളിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ആദ്യം ബാറ്റിങ്ങിന് തന്നെയാവും ഇറങ്ങുകയെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു. ഐപിഎല്ലിലെ ഓരോ കളിയും പ്രധാനമാണ് കുറച്ച് മാറ്റങ്ങളുമായാണ് ലഖ്‌നൗ കളിക്കുന്നതെന്നും ക്രുണാല്‍ വ്യക്തമാക്കി. നവീന്‍ ഉള്‍ ഹഖ്, ദീപക് ഹൂഡ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ കെയ്‌ൽ മേയേഴ്‌സിനും ആവേശ് ഖാനുമാണ് സ്ഥാനം നഷ്‌ടമായത്. ഒരു മാറ്റം കൂടിയുണ്ടെന്നും അത് ഓര്‍മയില്‍ ഇല്ലെന്നും ക്രുണാല്‍ കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിംഗ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുണാൽ പാണ്ഡ്യ (ക്യാപ്റ്റന്‍), മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, നവീൻ ഉൾ ഹഖ്, രവി ബിഷ്‌ണോയ്, സ്വപ്‌നിൽ സിങ്, മൊഹ്‌സിൻ ഖാൻ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് സബ്‌സ്: കെയ്ൽ മേയേഴ്‌സ്, യാഷ് താക്കൂർ, കൃഷ്ണപ്പ ഗൗതം, ഡാനിയൽ സാംസ്, യുധ്വിർ സിങ് ചരക്.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ഹൃത്വിക് ഷോക്കീൻ, ക്രിസ് ജോർദാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.
മുംബൈ ഇന്ത്യൻസ് സബ്‌സ്: രമൺദീപ് സിങ്, വിഷ്‌ണു വിനോദ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, കുമാർ കാർത്തികേയ, രാഘവ് ഗോയൽ.